സൈലന്റ് വാലിയിലെ വാച്ചർക്കായി തിരച്ചിൽ ഊർജിതം ; നിരീക്ഷണത്തിന് 20 ക്യാമറകൾകൂടി

google news
Silent Valley

പാലക്കാട്: സൈലന്റ് വാലിയിലെ വാച്ചർ രാജനായി തിരച്ചിൽ ഊർജിതം. അഞ്ചാംദിവസവും രാജനെ കണ്ടെത്താൻ തിരച്ചിൽ നടത്തി. കർണാടകയിലും തമിഴ്നാട്ടിലും വയനാട്ടിലും മനുഷ്യരെ കടുവ പിടിച്ചപ്പോൾ അന്വേഷണത്തിനായിപ്പോയ സംഘത്തിൽപ്പെട്ട അഞ്ചുപേരടങ്ങിയ പ്രത്യേകസംഘം ശനിയാഴ്‌ച തിരച്ചിൽ നടത്തിയിരുന്നു. രാജന്റെ ബന്ധുക്കളും തിരിച്ചലിനുണ്ടായിരുന്നു.

സൈരന്ധ്രി വനത്തിൽ നിരീക്ഷണത്തിനായി 20 ക്യാമറകൾകൂടി വനംവകുപ്പ് സ്‌ഥാപിച്ചു. നേരത്തേ വനംവകുപ്പ് വനത്തിൽ ആറ് ക്യാമറകൾ സ്‌ഥാപിച്ചിരുന്നു. ഇതിൽ മാനുകളുടെ ദൃശ്യമല്ലാതെ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു.

ചൊവ്വാഴ്‌ച മുതലാണ് രാജനെ കാണാതായത്. സുഹൃത്തുക്കളുമായി ഭക്ഷണംകഴിച്ച ശേഷം താമസ സ്‌ഥലത്തേക്ക് പോവുകയായിരുന്നു രാജൻ. പിന്നീട് കാണാതാവുകയായിരുന്നു.

അതേസമയം രാജനെ കടുവ പിടികൂടുന്നതിന് സാധ്യത കുറവാണെന്ന് സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ എസ് വിനോദ് പറഞ്ഞു. സൈലന്റ് വാലി വനത്തിലെ കണക്കെടുപ്പിൽ ഏഴ് കടുവകളുള്ളതായാണ് കണ്ടെത്തിയിരുന്നത്. ഇതിൽ ഒരെണ്ണം സൈരന്ധ്രിയിലാണ്. എന്നാൽ, കടുവ ആരെയെങ്കിലും പിടിച്ചതായുള്ള ലക്ഷണങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല.

രാജനെ കണ്ടെത്താൻ സൈലന്റ്‌വാലി വനത്തിനോടനുബന്ധിച്ച് കിടക്കുന്ന മണ്ണാർക്കാട് ഡിവിഷനിലെയും നിലമ്പൂർ ഡിവിഷനിലെയും ഡിഎഫ്ഒമാരുടെ സഹായവും തേടിയിട്ടുണ്ട്. രാജനെക്കുറിച്ചുള്ള വിവരങ്ങൾ ഇവർക്ക് കൈമാറി. രാജന്റെ മൊബൈൽഫോൺ പരിശോധനക്കായി അഗളി പോലിസ് കൊണ്ടുപോയിരുന്നു.

Tags