യുവനടിയെ പീഡിപ്പിച്ച കേസ് : വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന്
vijay babu


കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബു പറയുന്നത്.

നടിയുമായുള്ള ബന്ധം പരസ്‌പര സമ്മതത്തോടെ ആണെന്നും പുതിയ സിനിമയില്‍ അവസരം നല്‍കാത്തതിനെ തുടർന്നുള്ള ബ്ളാക്ക്‌ മെയിലിന്റെ ഭാഗമായാണ് പരാതിയെന്നും വിജയ് ബാബു നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം വിജയ് ബാബുവിനെ കസ്‌റ്റഡിയില്‍ വേണമെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിട്ടുണ്ട്.

വിജയ് ബാബു തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും തനിക്ക് കടുത്ത ലൈംഗിക പീഡനം നേരിടേണ്ടി വന്നുവെന്നും നടി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള വാട്‌സാപ് ചാറ്റുകളും കോടതി പരിശോധിച്ചിരുന്നു.

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി നേരത്തെ തീര്‍പ്പാക്കിയിരുന്നു. കേസിന് പിറകെ ദുബായിലേക്ക് കടന്ന വിജയ് ബാബു കോടതി നിര്‍ദ്ദേശ പ്രകാരമാണ് തിരിച്ചെത്തി ചോദ്യം ചെയ്യലിന് ഹാജരായത്.

Share this story