വടക്കഞ്ചേരി അപകടം : പ്രാണനറ്റ് കണ്ണീരിൽ പൊതിഞ്ഞ് ആറുപേർ അവസാനമായി സ്‌കൂൾ മുറ്റത്തേക്ക്

kuttikal

പാലക്കാട്: വടക്കാഞ്ചേരി കെ.എസ്.ആര്‍.ടി.സി.- ടൂറിസ്റ്റ് ബസ് അപകടത്തില്‍ മരിച്ച ഒന്‍പതുപേരുടെയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. മരിച്ചവരില്‍ അഞ്ചുപേര്‍ വിനോദയാത്രയ്ക്കു പോയ എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. മറ്റൊരാള്‍ ഈ സ്‌കൂളിലെ കായികാധ്യാപകന്‍ വിഷ്ണു (33) വാണ്.

ഇമ്മാനുവല്‍ സി.എസ് (17) , എല്‍ന ജോസ് (15), അഞ്ജന അജിത് (17), ദിയ രാജേഷ് (15), ക്രിസ് വിന്റര്‍ബോണ്‍ തോമസ് (15) എന്നിവരാണ് മരിച്ച വിദ്യാര്‍ഥികള്‍. മരിച്ച മറ്റു മൂന്നുപേര്‍ കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരാണ്. ദേശീയ ബാസ്‌കറ്റ് ബോള്‍ താരമായ രോഹിത് രാജും മരിച്ച കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരില്‍ ഉള്‍പ്പെടുന്നുണ്ട്.

അഞ്ജന, ദിയ, ഇമ്മനുവല്‍ എന്നീ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം ചെയ്തത്. മന്ത്രി എം.ബി. രാജേഷ്, പാലക്കാട് കളക്ടര്‍ മൃണ്‍മയി ജോഷി തുടങ്ങിയവര്‍ സ്ഥലത്തെത്തി നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

എല്‍ന, ക്രിസ്, വിഷ്ണു എന്നിവരുടെ മൃതദേഹങ്ങള്‍ ആലത്തൂരിലെ ആശുപത്രിയിലാണുള്ളത്. മരിച്ച അധ്യാപകന്റെയും വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ ഒരുമിച്ച് സ്‌കൂളിലെത്തിച്ച ശേഷം പൊതുദര്‍ശനത്തിനു വെക്കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

vadakkaneri

ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി. ബസിന് പിന്നിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. ടൂറിസ്റ്റ് ബസ് അപകട സമയത്ത് മണിക്കൂറില്‍ 97.7 കിലോമീറ്റര്‍ വേഗത്തില്‍ ആയിരുന്നുവെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്. ടൂറിസ്റ്റ് ബസ്സുകള്‍ക്ക് പരമാവധി 65 കി.മി വേഗം മാത്രമേ പാടുള്ളൂവെന്ന് നിയമം ഉള്ളപ്പോഴാണ് 97.7 കിലോമീറ്റര്‍ വേഗത്തില്‍ ബസ് ചീറിപ്പാഞ്ഞത്. പരിക്കേറ്റ 38 പേരില്‍ നാലുപേരുടെ നില ഗുരുതരമാണെങ്കിലും അപകടകനില തരണം ചെയ്തിട്ടുണ്ട്. 

Share this story