പ്രിയ വര്‍ഗീസിന്‍റെ യോഗ്യത പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് വി ഡി സതീശൻ

vd satheesan

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ പ്രിയ വര്‍ഗീസിന്‍റെ യോഗ്യത പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം നിരന്തരം പറഞ്ഞത് ഹൈക്കോടതി ശരിവച്ചുവെന്ന് വി ഡി സതീശൻ പറഞ്ഞു. 

പാർട്ടിക്കാരെയും ബന്ധുക്കളെയും സര്‍ക്കാര്‍ തിരുകി കയറ്റുകയാണ്. നിലവിലെ ചട്ടങ്ങളെ കാറ്റിൽ പറത്തി ഇങ്ങനെ ചെയ്യാൻ നാണമില്ലേ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയാണ് ഇതിനെല്ലാം ഉത്തരവാദിയെന്നും കുറ്റപ്പെടുത്തി. ഇങ്ങനെ പിൻവാതിൽ നിയമനം ലഭിച്ചവർ രാജിവച്ചുപോകണമെന്ന് പറഞ്ഞ വി ഡി സതീശന്‍, മേയറുടെ കത്തിന്റെ കേസ് തേച്ചുമായ്ച്ചൂ കളയാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നുവെന്നും  വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറാക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയാണ് ഇന്ന് ഉണ്ടായത്. പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് വ്യക്തമാക്കിയ കോടതി തീരുമാനം പുനഃപരിശോധിച്ച് റാങ്ക് പട്ടിക പുനഃക്രമീകരിക്കാൻ കണ്ണൂര്‍ സർവ്വകലാശയ്ക്ക് നിർദ്ദേശം നൽകി. മതിയായ യോഗ്യതയുണ്ടെന്ന പ്രിയ വർഗീസിന്‍റെയും യൂണിവേഴ്സ്റ്റിയുടെയും വാദങ്ങൾ കോടതി പൂർണ്ണമായി തള്ളി.

Share this story