ഗള്‍ഫിലേക്ക് സ്ത്രീകളെ കടത്തുന്നു; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍
air port
നെടുമ്പാശേരി വിമാനത്താവളം വഴി സ്ത്രീകളെ കടത്തുന്ന സംഭവങ്ങള്‍ അടുത്തിടെ ആവര്‍ത്തിക്കുകയാണ്.

വ്യാജരേഖകള്‍ ചമച്ച് നെടുമ്പാശേരി വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍. കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നെടുമ്പാശേരി വിമാനത്താവളം വഴി സ്ത്രീകളെ കടത്തുന്ന സംഭവങ്ങള്‍ അടുത്തിടെ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞയാഴ്ച മസ്‌കറ്റിലേക്ക് ആന്ധ്രയില്‍ നിന്നുള്ള പന്ത്രണ്ട് സ്ത്രീകളെ കടത്താന്‍ ശ്രമിച്ചത് എമിഗ്രേഷന്‍ വിഭാഗം തടഞ്ഞിരുന്നു.ആന്ധ്ര കേന്ദ്രീകരിച്ചുള്ള ചില റിക്രൂട്ടിംഗ് ഏജന്‍സികളാണ് ലക്ഷക്കണക്കിന് രൂപ ഈടാക്കി യുവതികളെ കടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. പെണ്‍വാണിഭ സംഘമാണോ ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷിക്കുന്നുണ്ട്.

ജോലി അന്വേഷിക്കുന്ന സ്ത്രീകളാണ് ഇവരുടെ വലയില്‍ പെടുന്നത്. വിസിറ്റിംഗ് വിസയില്‍ ഗള്‍ഫില്‍ എത്തിയ ശേഷം തൊഴില്‍ വിസ ഏര്‍പ്പാടാക്കാമെന്നാണ് വാഗ്ദാനം. പക്ഷെ പലര്‍ക്കും തൊഴില്‍ വിസ ലഭിക്കാതെ വരികയും അനധികൃതമായി തങ്ങുന്നതിന്റെ പേരില്‍ ഇവര്‍ ജയിലിലാവുകയും ചെയ്യാറുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെയാണ് ഇത്തരത്തില്‍ സ്ത്രീകളെ കടത്തുന്നത്.

Share this story