തൃശ്ശൂരിൽ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ആറുകിലോ കഞ്ചാവ് പിടികൂടി

arrested

തൃശൂര്‍: ട്രെയിന്‍ വഴിയുള്ള കഞ്ചാവ് കടത്തല്‍ വ്യാപകമാകുന്നു. റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ തൃശൂര്‍ സ്റ്റേഷനില്‍ എത്തിയ ട്രെയിനില്‍നിന്ന് ആറ് കിലോയോളം വരുന്ന കഞ്ചാവ് പിടികൂടി. ദന്‍ബാദ്്ആലപ്പുഴ എക്‌സ്പ്രസില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. ട്രെയിന്‍ വ്യാഴാഴ്ച രാവിലെ 11.27ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നടത്തിയ പരശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിന്റെ പിന്നിലെ ജനറല്‍ കോച്ചിന്റെ ബാത്ത്‌റൂമിന് സമീപം ആളില്ലാത്ത നിലയില്‍ കാണപ്പെട്ട ഷോള്‍ഡര്‍ ബാഗ് തുറന്നു പരിശോധിച്ചപ്പോഴായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

സെല്ലോഫിന്‍ ടേപ്പ് ചുറ്റിയ മൂന്ന് കവറുകള്‍ക്കുള്ളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഓരോ കവറിലും രണ്ടു കിലോ വീതം മൊത്തം ആറു കിലോ കഞ്ചാവാണ് ബാഗിലുണ്ടായിരുന്നതെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ ഏഴു ലക്ഷം രൂപയോളം വില വരും.

കേരളത്തിലേക്ക് ട്രെയിന്‍ വഴിയുള്ള കഞ്ചാവ് കടത്ത് കൂടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കഞ്ചാവ് പിടികൂടിയത്. തൃശൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷന്‍ എസ്.ഐ. തോമസ് കെ.ഒ, എ.എസ്.ഐ. ഷൈജു, ഖാലിദ്, സി.പി.ഒ. അനില്‍, സബിന്‍, സ്റ്റീഫന്‍, ഡാന്‍സാഫ് അംഗങ്ങളായ സിറാജുദ്ദീന്‍, നൗഷാദ്ഖാന്‍, സിറാജ്ദീന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Share this story