തൃശ്ശൂരിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല

google news
sea

തൃശൂര്‍: ചേറ്റുവയില്‍ തിങ്കളാഴ്ച വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല. ദിയമോള്‍ എന്ന ഫൈബര്‍ വള്ളത്തിലെ ഗില്‍ബര്‍ട്ട്, മണി എന്നിവരെയാണ് കാണാതായത്. കന്യാകുമാരി സ്വദേശികളായ ആറു പേരടങ്ങിയ വള്ളം തിങ്കളാഴ്ച വൈകിട്ട് ആറോടെ മീന്‍ പിടിച്ച് കരയ്ക്കടുക്കുമ്പോള്‍ ചേറ്റുവ അഴിമുഖത്തിനു സമീപം ശക്തമായ തിരമാലയില്‍ പെട്ട് കടലില്‍ മറിയുകയായിരുന്നു. 

മത്സ്യത്തൊഴിലാളികളില്‍ നാലു പേര്‍ തിങ്കളാഴ്ച തന്നെ നിന്തി കരയ്‌ക്കെത്തിയിരുന്നു. രണ്ടു പേരെ കണ്ടെത്താനായി ഇന്നലെ രാവിലെ മുതല്‍ നേവിയുടെ കപ്പലും കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററും തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനാകാതെ ഉച്ചയ്ക്ക് തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങി.

തുടര്‍ന്ന് ഉച്ചയ്ക്ക് തീരദേശ പോലീസ് മത്സ്യത്തൊഴിലാളികളേയും കൂട്ടി കടലിലും തീരത്തെ കടല്‍ ഭിത്തികള്‍ക്കിടയിലും തെരച്ചില്‍ നടത്തി. ബോട്ടുകളില്‍ മത്സ്യത്തൊഴിലാളികളും തെരച്ചിലിനിറങ്ങിയിരുന്നു. നാലു ദിവസം മുമ്പ് മത്സ്യബന്ധനത്തിനു പോയ വള്ളമാണ് തിരിച്ചു വരുമ്പോള്‍ കാറ്റിലും കടല്‍ക്ഷോഭത്തിലും പെട്ടത്. കാലാവസ്ഥാ മുന്നറിയിപ്പ് നേരത്തെ ഉണ്ടായിരുന്നുവെങ്കില്‍ ഇവര്‍ കടലില്‍ പോകുന്നത് ഒഴിവാക്കാന്‍ കഴിയുമായിരുന്നു.

അതിനിടെ അപകടത്തില്‍ പെട്ട വള്ളവും വലയും ചാവക്കാട് മുനക്കക്കടവ് പോലീസ് സ്റ്റേഷനു വടക്കു പടിഞ്ഞാറ് ഭാഗത്ത് കരയ്ക്കടിഞ്ഞു. മഴ തുടര്‍ന്നുകൊണ്ടിരിക്കേ കടല്‍ പ്രക്ഷുബ്ധമാണ്. കടലില്‍ മത്സ്യബന്ധനത്തിന് വിലക്കും നിലനില്‍ക്കുന്നുണ്ട്.  
 

Tags