
തൃശ്ശൂർ: പൂര വിളംബരത്തോടെ 36 മണിക്കൂർ നീണ്ട തൃശ്ശൂർ പൂരം ചടങ്ങുകൾക്ക് തുടക്കമായി. നെയ്തലക്കാവ് ഭഗവതി തെക്കേ വാതിൽ തള്ളിത്തുറന്നതോടെയാണ് പൂര വിളംബരമായത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് ഇത്തവണയും നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റിയത്. ഇത് രണ്ടാം തവണയാണ് തിടമ്പേറ്റാനുള്ള നിയോഗം എറണാകുളം ശിവകുമാറിനെ തേടിയെത്തുന്നത്.
നെയ്തലക്കാവിൽ നിന്ന് പുറപ്പെട്ട എഴുന്നള്ളിപ്പ് പടിഞ്ഞോറേ നട വഴിയാണ് വടക്കുംനാഥ ക്ഷേത്രത്തിൽ പ്രവേശിച്ചത്. പ്രദക്ഷിണം വച്ച് പൂരത്തിന് വടക്കുംനാഥന്റെ അനുമതി വാങ്ങിയ ശേഷം തേക്കേ ഗോപുര വാതിൽ തള്ളിത്തുറന്ന് പുറത്തിറങ്ങിയതോടെയാണ് പൂര വിളംബരമായത്. മേളത്തിന്റെ അകമ്പടിയോടെ നിലപാടുതറയിൽ എത്തി മടങ്ങുന്നതാണ് ചടങ്ങ്.വൻ ജനാവലിയെ സാക്ഷി നിർത്തിയാണ് പൂര വിളംബരം നടന്നത്. ഇതോടെ തൃശ്ശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായി.
നാളെ രാവിലെ മുതൽ ഘടക പൂരങ്ങൾ എത്തി തുടങ്ങും. കണിമംഗലം ശാസ്താവാണ് ആദ്യം വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുക. പിന്നാലെ മറ്റ് ഘടക പൂരങ്ങളും എത്തും. 11 മണിക്കാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ് ചടങ്ങ്. 12 മണിക്ക് 15 ആനകളുമായി പാറമേക്കാവ് വിഭാഗം എഴുന്നള്ളും. തുടർന്ന് രണ്ടരയോടെ ഇലഞ്ഞിത്തറമേളവും വൈകീട്ട് അഞ്ചരയ്ക്ക് തെക്കോട്ടിറക്കവും നടക്കും. തുടർന്നാണ് എറ്റവും വർണാഭമായ കുടമാറ്റം. ബുധനാഴ്ച പുലർച്ചെ മൂന്നരയ്ക്കാണ് വെടിക്കെട്ട്. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കൊടുവിൽ രണ്ട് വർഷത്തിന് ശേഷമാണ് തൃശ്ശൂർ പൂരം അതിന്റെ എല്ലാവിധ പ്രാധാന്യത്തോടെയും നടക്കുന്നത്.