കിഫ്ബി സാമ്പത്തിക ഇടപാട് ; തോമസ് ഐസക് ഇഡിക്കു മുന്നില്‍ ഹാജരായേക്കില്ല
thomas issac

ടി.എം.തോമസ് ഐസക് ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായേക്കില്ല. പകരം നിയമ നടപടിയിലേക്കു നീങ്ങാനാണ് തീരുമാനം. ആദ്യഘട്ടമായി ഇഡിക്ക് വിശദമായ മറുപടി രേഖാമൂലം നല്‍കും. തോമസ് ഐസക്ക് ഇഡിക്കു മുന്നില്‍ ഹാജരാകുന്നതില്‍ സിപിഐഎം തീരുമാനം തിങ്കളാഴ്ചയുണ്ടാകും. സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും തീരുമാനമെടുക്കുക.

കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്‍റെ ലംഘനമുണ്ടെന്നാണ് ഇഡിയുടെ വാദം. ചോദ്യം ചെയ്യലിനായി 11ന് ഹാജരാകാനാണ് തോമസ് ഐസകിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇഡിയുടെ ചോദ്യം ചെയ്യലിനു വിധേയനാകാനായി ഹാജരാകേണ്ട എന്നാണ് നിലവിലെ തീരുമാനം. പകരം തന്‍റെ നിലപാട് വിശദീകരിച്ച് വിശദമായ മറുപടിക്കത്ത് തോമസ് ഐസക് ഇഡിക്കു നല്‍കും. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരുമായി ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടന്നു.

ഇഡിക്കു മുന്നില്‍ ഹാജരാകുന്നതിന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നിയമോപദേശം തേടുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം തോമസ് ഐസക് പ്രതികരിച്ചത്. കിഫ്ബിക്കെതിരായ ഇഡി കേസ് രാഷ്ട്രീയപ്രേരിതമെന്ന നിലപാടാണ് സിപിഐഎമ്മിന്‍റേത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനും പാര്‍ട്ടി തീരുമാനിച്ചിരുന്നു.മാത്രമല്ല കിഫ്ബി കേസില്‍ തോമസ് ഐസക് ഇഡിക്കു മുന്നില്‍ പോയിരുന്നാല്‍, പിന്നാലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന കേസിലും അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടായേക്കും.

Share this story