ഭാര്യയുടെ സ്ഥാപനത്തിൽ മോഷണം ; ഭർത്താവ് അറസ്റ്റിൽ

google news
kkk

മുതലമട: പ്ലാച്ചിമട സമര ഐക്യദാർഢ്യസമിതി ജനറൽ കൺവീനർ ആറുമുഖൻ പത്തിച്ചിറ (47) ഭാര്യയുടെ സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായി. ഭാര്യ അർസാദിന്റെ പോത്തമ്പാടം ഹാപ്പി ഹെർബൽ എന്ന സ്ഥാപനത്തിൽ ഓഗസ്റ്റ് 13 -ന് പുലർച്ചെനടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അകന്നുകഴിയുന്ന ദമ്പതിമാർ തമ്മിൽ ശത്രുതയുണ്ടായിരുന്നതായി പറയുന്നു.

ഓഗസ്റ്റ് 13-ന് പുലർച്ചെ രണ്ടോടെയാണ് സ്ഥാപനത്തിന്റെ മുൻവശത്തെ ഷട്ടറിന്റെ പൂട്ടുതകർത്ത് കവർച്ച നടന്നത്.

മൂന്ന് ഹാർഡ് ഡിസ്കുകൾ, ഏഴ് പെൻഡ്രൈവ്, അഞ്ച് എസ്.ഡി. കാർഡുകൾ, സ്മാർട്ട് ടി.വി., ഇൻറർനെറ്റ് മോഡം, പാസ് വേഡുകൾ എഴുതിയ ബുക്ക്, ആയുർവേദ ഉത്പന്നങ്ങളുടെ ചേരുവകൾ എഴുതിയ ഫയലുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്.

സി.സി.ടി.വി. പരിശോധനയിൽ പ്രതികൾ രണ്ടുപേരുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

മോഷണംനടത്തിയത് നാട്ടുകൽ സ്വദേശി ഷമീർ, പൊന്നാനി സ്വദേശി ഓട്ടോ സുഹീൽ എന്നിവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം ആറുമുഖനിലേക്ക് എത്തിയത്.

വെട്ടുകേസിൽ അറസ്റ്റിലായി ചിറ്റൂർജയിലിലായ ആറുമുഖൻ കാമ്പ്രത്ത്ചള്ള പെട്രോൾ പമ്പിൽനടന്ന മോഷണക്കേസിൽ റിമാൻഡിലായിരുന്ന സുഹീലുമായും കൊഴിഞ്ഞാമ്പാറയിലെ വധശ്രമക്കേസിൽ റിമാൻഡിലായ ഷമീറുമായും സൗഹൃദം സ്ഥാപിച്ചു. ജാമ്യത്തിലിറങ്ങിയശേഷം ഷമീറും സുഹീലും ചേർന്ന് മോഷണം നടത്തുകയായിരുന്നു. ഈ സമയത്ത് ആറുമുഖനും ജയിൽ മോചിതനായിരുന്നു.

ജയിലിൽനടന്ന ഗൂഢാലോചനയെത്തുടർന്ന് ആറുമുഖന്റെ നിർദേശാനുസരണമാണ് മോഷണമെന്ന് പോലീസ് കണ്ടെത്തി. മോഷണശേഷവും വിവിധ കേസുകളിൽ ജയിലിൽക്കഴിയുന്ന സുഹീൽ, ഷമീർ എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് ആറുമുഖൻ പത്തിച്ചിറയുടെ പങ്ക് തെളിഞ്ഞത്.

ചിറ്റൂർ ഡിവൈ.എസ്.പി. സി. സുന്ദരന്റെ നിർദേശപ്രകാരം കൊല്ലങ്കോട് ഇൻസ്പെക്ടർ എ. വിപിൻദാസ്, എസ്.ഐ. മാരായ സി.കെ. മധു, കെ. കാശിവിശ്വനാഥൻ, എ.എസ്. ഐ. കെ. രാജേഷ്, എസ്.സി.പി.ഒ. എം. മോഹനൻ, സി.പി.ഒ. മാരായ എസ്. ജിജോ, എസ്. റഫീഖ്, എം. ജിഷ, എസ്. സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags