സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി

google news
arrest
മണിക്കൂറുകള്‍ക്കകം കട്ടപ്പന പൊലീസിന്റെ പിടിയിലായി

സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തിയ സ്ത്രീ മണിക്കൂറുകള്‍ക്കകം കട്ടപ്പന പൊലീസിന്റെ പിടിയിലായി. കുഴിത്തൊളു കുഴിക്കണ്ടം പന്നയ്ക്കല്‍ സുശീലയാണ് ( 47 ) മാലയും വളയും മോഷ്ടിച്ച കേസില്‍ അറസ്റ്റിലായത്. ബുധനാഴ്ച്ച രാവിലെ 9 നാണ് പ്രതി ആദ്യമോഷണം നടത്തുന്നത്. സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയവരുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ കൈയ്യില്‍ കിടന്നിരുന്ന സ്വര്‍ണ്ണ വള മോഷ്ടിച്ച ശേഷം ഇവര്‍ മുങ്ങുകയായിരുന്നു.

സ്ഥിരം മോഷ്ടാവായ പ്രതിയെക്കുറിച്ച് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അറിവുള്ളതിനാല്‍ ഇവരുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ മോഷണം നടന്ന വിവരം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട് നഗരത്തില്‍ ഗാന്ധി സ്‌ക്വയറില്‍ എത്തിയ പ്രതി സുശീല മറ്റൊരു കുട്ടിയെ റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കുകയും ഈ കുട്ടിയുടെ കൈയ്യില്‍ കിടന്നിരുന്ന വളകള്‍ സൂത്രത്തില്‍ കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ അമ്മയാണ് പരാതിയുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. പൊലീസ് ടൗണില്‍ പരിശോധന നടത്തിയെങ്കിലും ഇവരെ പിടികൂടാനായില്ല.

പൊലീസ് വിവിധ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആശുപത്രിയില്‍ മോഷണം നടത്തിയ അതേ സ്ത്രീ മാലയും വളയും പണയം വയ്ക്കാന്‍ കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ എത്തിയിരുന്നെന്ന് വ്യക്തമായത്. അവിടെ നല്‍കിയ വിലാസത്തില്‍ നിന്നാണ് പ്രതി സുശീലയെ പൊലീസ് തിരിച്ചറിയുന്നത്. ഏപ്രില്‍ 25 ന് ആശുപത്രിയില്‍ നിന്നും 6 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണവള സുശീല മോഷ്ടിച്ചിരുന്നു. ഈ കേസിലും അവര്‍ പ്രതിയാണ്.

Tags