കാല്‍തെന്നി പാറമടയില്‍ വീണ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു
The student drowned after falling on a rock

പാലക്കാട്: കാല്‍തെന്നി പാറമടയിലെ വെള്ളത്തില്‍ വീണ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. എലപ്പുള്ളി തേനാരി കല്ലറാംകോട് ശിവരാജന്‍-പ്രഭ ദമ്പതികളുടെ ഏകമകള്‍ ആര്യ (15) ആണ് മരിച്ചത്. കൈയില്‍ നിന്ന് വെള്ളത്തിലേക്ക് വീണ നായയെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് ആര്യ അപകടത്തില്‍പ്പെട്ടതെന്ന് കസബ പോലീസ് പറഞ്ഞു.

രാവിലെ 10.15ന് കല്ലറംകോട് സ്വകാര്യ വ്യക്തിയുടെ ക്വാറിയോടു ചേര്‍ന്നുള്ള പാറമടയിലാണ് സംഭവം. പെണ്‍കുട്ടി വീഴുന്നത് കണ്ടതും സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം. ആര്യ സ്ഥിരമായി നായയെയും കൊണ്ട് പാറക്കെട്ടിലെത്താറുണ്ട്.

കാല്‍തെന്നി 15 അടിയോളം താഴ്ചയുള്ള ഭാഗത്താണ് ആര്യ വീണതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. കസബ പോലീസ് കേസെടുത്തു. ചിറ്റൂര്‍ ഗേള്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

Share this story