ചേറ്റുവ അഴിമുഖത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിക്കും
alappuzha sea
കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും ഹെലികോപ്റ്ററും തിരച്ചിലില്‍ പങ്കാളികളാവും.

തൃശൂര്‍ ചേറ്റുവ അഴിമുഖത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിക്കും. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും ഹെലികോപ്റ്ററും തിരച്ചിലില്‍ പങ്കാളികളാവും. കോസ്റ്റല്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തുണ്ട്.
ഇന്നലെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ മൃതദേഹം കിടക്കുന്ന സ്ഥലം കണ്ടതായാണ് പറയപ്പെടുന്നത്. ബോട്ടുമായി ചേറ്റുവയില്‍ നിന്ന് മൃതദേഹം കൊണ്ടുവരാന്‍ സംഘം പുറപ്പെട്ടതുമാണ്. എന്നാല്‍ മൃതദേഹം ശക്തമായ തിരയില്‍പ്പെട്ട് നീങ്ങിയതിനാല്‍ കണ്ടെത്താനായില്ല. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ മണിയന്‍ ഗില്‍ബര്‍ട്ട് എന്നിവരെയാണ് കണ്ടെത്താനുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറുപേരടങ്ങുന്ന മത്സ്യത്തൊഴിലാളി സംഘം സഞ്ചരിച്ച ബോട്ട് അഴിമുഖത്ത് അപകടത്തില്‍പ്പെടുന്നത്. നാലുപേര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

വൈക്കത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ നേരത്തേ കണ്ടെത്തിയിരുന്നു. ജനാര്‍ദ്ദനന്‍, പ്രദീപന്‍ എന്നിവരെയാണ് തെരച്ചിലില്‍ കണ്ടെത്തിയത്. കായലില്‍ പോള നിറഞ്ഞത് മൂലം കരയ്‌ക്കെത്താന്‍ കഴിയാതിരുന്ന ഇവര്‍ പെട്ടുപോകുകയായിരുന്നു. ഫയര്‍ ആന്റ് റസ്‌ക്യൂ, പൊലീസ് എന്നിവരുടെ സഹായത്തോടെയൊണ് ഇവരെ കരയ്‌ക്കെത്തിച്ചത്.

Share this story