നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ വിവോ ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താതെ കോടതിയും
court
ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഇട്ട് പരിശോധിച്ചെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്.

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ വിവോ ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താതെ കോടതിയും അന്വേഷണ സംഘവും. നടിയുടെ ദൃശ്യങ്ങളുള്ള എട്ട് ഫോള്‍ഡറുകളും വിവോ ഫോണ്‍ ഉപയോഗിച്ച് തുറന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ദൃശ്യം തുറക്കാതെ തന്നെ മറ്റൊരു ഫോണിലേക്ക് അയച്ചിരിക്കാനുളള സാധ്യതാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്.

വിചാരണക്കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഇട്ട് പരിശോധിച്ചെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ മെമ്മറി കാര്‍ഡിലെ നടിയുടെ ദൃശ്യങ്ങളുള്ള ഫോള്‍ഡറുകള്‍ ഈ ഫോണിലിട്ട് തുറന്ന് പരിശോധിച്ചതായി എഫ്എസ്എല്‍ റിപ്പോര്‍ട്ടിലില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. അതായത് ഈ ഫയലുകളുടെ ഹാഷ് വാല്യൂ പരിശോധനയില്‍ മാറിയിട്ടില്ല. എന്നാല്‍ ദൃശ്യം തുറന്ന് നോക്കാതെ തന്നെ മെമ്മറി കാര്‍ഡിന്റെ ദൃശ്യങ്ങള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് അയക്കാനോ കൈമാറാനോ കഴിയും. 

വിവോ ഫോണില്‍ ഇട്ട മെമ്മറി കാര്‍ഡിലെ ഫോള്‍ഡറുകള്‍ ഒന്നും തുറക്കാതെ ലോംഗ് പ്രസ് ചെയ്താല്‍ മറ്റൊരു ഫോണിലേക്ക് ഇവ ഷെയര്‍ ചെയ്യാനാകും. നടിയുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ മറ്റൊരു ഫോണിലേക്ക് ടെലഗ്രാം വഴിയോ വാസ്ആപ് വഴിയോ അയച്ചിരിക്കാനുളള സാധ്യതയുമുണ്ട്. അത്തരമൊരു സംശയത്തിലാണ് ക്രൈംബ്രാഞ്ചിപ്പോള്‍. സാധാരണയായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ മെമ്മറി കാര്‍ഡ് ഇട്ടാല്‍ ഇതിലേക്ക് ഒരു ഫോണ്‍ ഡയറക്ടറികൂടി റൈറ്റ് ചെയ്യും. നടിയുടെ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡില്‍ ഇത്തരമൊരു ഫോണ്‍ ഡയറക്ടറി രൂപപ്പെട്ടിട്ടുണ്ട്. അങ്ങനെ രൂപപ്പെട്ട വിവോ ഫോണ്‍ ഡയറക്ടറിയാണ് പരിശോധനയില്‍ കണ്ടെത്തിയത്. അങ്ങനെയാണ് വിവോ ഫോണിലിട്ടാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് തിരിച്ചറിഞ്ഞത്. 

മെമ്മറി കാര്‍ഡില്‍ റൈറ്റ് ചെയ്യപ്പെട്ട പുതിയ ഫോള്‍ഡറില്‍ വിവോ ഫോണ്‍ വിവരങ്ങള്‍, ജിയോ നെറ്റുവര്‍ക്ക് ആപ്ലിക്കേഷന്‍, വാട്‌സ് ആപ്, ടെലഗ്രാം അടക്കമുള്ളവയുണ്ട്. കോടതിയുടെ അനുമതി കിട്ടിയാലേ ഈ ഫോണ്‍ ആരുടേതെന്ന് ഔദ്യോഗികമായി അന്വേഷിക്കാനാകു എന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നിലപാട്. എന്നാല്‍ ഇത്രൊയക്കെ വിവരങ്ങള്‍ കിട്ടിയ സ്ഥിതിക്ക് ആരുടെ ഫോണിലാണ് ഉപയോഗിച്ചതെന്ന് അന്വേഷിച്ച് കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നാണ് സൈബര്‍ വിദഗ്ധരും പറയുന്നത്. 

Share this story