സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

police jeep

വെഞ്ഞാറമൂട്ടില്‍ ഓട്ടോ സവാരിക്കിടെ സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. വെഞ്ഞാറമൂട് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ആലന്തറ ഉദിമൂട് ശിവാലയത്തില്‍ ഷിജു (44) ആണ് മരിച്ചത്. സംഭവത്തില്‍ കാരേറ്റ് മാമൂട് പിള്ള വീട്ടില്‍ പ്രഭാകരന്‍ (72) പൊലീസ് പിടിയിലായി.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ ആലന്തറ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം. 
സവാരിക്കിടെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രഭാകരന്‍ ഷിജുവിന്റെ കഴുത്തില്‍ കുത്തി പരുക്കേല്‍പിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസ് ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. പ്രഭാകരനെ സംഭവ ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു.  
രണ്ടു ദിവസം മുമ്പ് സുഹൃത്തുക്കളായ ഇവര്‍ ഒരുമിച്ച് മദ്യപിച്ച ശേഷം മടങ്ങുമ്പോള്‍ പ്രഭാകരന്‍ ധരിച്ചിരുന്ന സ്വര്‍ണ മാല നഷ്ടപ്പെട്ടിരുന്നു. മാല ഷിജുവിന്റെ കൈവശമുണ്ടെന്ന് ആരോപിച്ച് ഇരുവരും വാക്ക് തര്‍ക്കത്തിലായി. ഇത് സംബന്ധിച്ചുള്ള വൈരാഗ്യത്തെ തുടര്‍ന്ന് പ്രഭാകരന്‍, ഷിജുവിനെ സവാരിക്ക് വിളിക്കുകയും പിന്നീട് സവാരിക്കിടെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തത്. ഷിജു ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഇയാള്‍ മരിച്ച സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രഭാകരനെതിരെ കൊലക്കുറ്റം ചുമത്തും.

Share this story