തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ തിരുവനന്തപുരം നഗരസഭയുടെ ക്യാമ്പയിന് ഇന്ന് തുടക്കം
dog

തെരുവുനായ പ്രശ്‌നം പരിഹരിക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഇന്നുമുതല്‍ മൂന്നുദിവസം നഗരത്തിലെ വളര്‍ത്തു നായ്ക്കള്‍ക്ക്വാക്‌സിന്‍ നല്‍കും. ഇതിനായി 15 സെന്ററുകള്‍ ക്രമീകരിച്ചിട്ടുണ്ട്. നഗരത്തിലെ തെരുവ് നായ പ്രശ്‌നങ്ങളും പരിഹാരനടപടികളും ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി.

മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ തെരുവുനായ ശല്യം രൂക്ഷമായ ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയില്‍ തിരുവനന്തപുരമാണ് ഒന്നാമത്. മൊത്തം 170 ഹോട്ട്‌സ്‌പോട്ടുകളില്‍ 28 എണ്ണം തിരുവനന്തപുരത്താണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം നഗരസഭ പ്രത്യേക ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന വളര്‍ത്തു നായ്ക്കള്‍ക്കുള്ള വാക്‌സിനേഷന് ഇന്ന് തുടക്കമാകും.രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. നായ്ക്കളുടെ വാക്‌സിനേഷനായി 10000 ഡോസ് വാക്‌സിനാണ് എത്തിക്കുന്നത്. നഗരത്തിലെ മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണം എന്നും നഗരസഭ നിര്‍ദേശിച്ചിട്ടുണ്ട്. തെരുവ് നായ്ക്കള്‍ക്കുള്ള വാക്‌സിനേഷന്‍ നടപടികള്‍ ഈ മാസം 25ന് ആരംഭിക്കും. ഇതിനായി ഒരു മാസം നീണ്ടുനില്‍ക്കുന്ന പദ്ധതിയാണ് നഗരസഭ തയ്യാറാക്കിയിട്ടുള്ളത്. നഗരത്തിലെ വന്ധ്യംകരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവല്ലത്തുള്ള വന്ധ്യംകരണ കേന്ദ്രം തല്‍ക്കാലത്തേക്ക് പേട്ടയിലേക്ക് മാറ്റും.
നഗരത്തിലെ പെറ്റ് ഷോപ്പുകളില്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Share this story