
മുല്ലപ്പെരിയാറില്‍ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്ന ആവശ്യത്തോട് തമിഴ്‌നാട് അനുകൂലമായി പ്രതികരിച്ചതായി റവന്യൂ മന്ത്രി കെ.രാജന്‍. നിലവില്‍ 137.15 അടിയാണ് ജലനിരപ്പ്. 9,116 ക്യുസെക്‌സ് വെള്ളമാണ് നീരൊഴുക്ക്. 2,166 ക്യസെക്‌സ് വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. റൂള്‍ കര്‍വ് അനുസരിച്ച്137.50 ആണ് ഓഗസ്റ്റ് 10 അനുസരിച്ചുള്ള ജലനിരപ്പ്. ജലനിരപ്പ് 136 അടി എത്തിയതോടെ ഇന്നലെ രാത്രി 7 മണിയോടെ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളം തുറന്നു വിടേണ്ടി വരികയാണെങ്കില്‍ ചെയ്യേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ തുറക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. പെരിയാര്‍ തീരത്ത് വാഹനങ്ങള്‍ ഉപയോഗിച്ച് അനൗണ്‍സ്‌മെന്റ് നടത്തുന്നതായും മന്ത്രി പറഞ്ഞു.