സുധാകരന്റെ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ മുസ്ലീംലീഗിന് ആയിട്ടില്ല ; വിമര്‍ശനവുമായി എം കെ മുനീര്‍

mk muneer

കെ സുധാകരനെതിരെ മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ രംഗത്ത്.സുധാകരന്റെ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ മുസ്ലീംലീഗിന് ആയിട്ടില്ല. ഇക്കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണം. ആര്‍എസ്എസ് ചിന്തയുള്ളവര്‍ പാര്‍ട്ടി വിട്ടുപോകണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും മുനീര്‍ തുറന്നടിച്ചു. സുധാകരന്റെ പരാമര്‍ശം വളരെ നേരിട്ട് ആയിപ്പോയി. ആര്‍എസ്എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരന്‍ നല്‍കരുതായിരുന്നു. സുധാകരന്റെ പരാമര്‍ശം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണം.  മറ്റുള്ളവര്‍ക്ക് ആയുധം കൊടുക്കേണ്ട സമയം അല്ല ഇതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. വിവാദ പ്രസ്താവനയില്‍ കെ.സുധാകരനുമായി നേരിട്ട് സംസാരിച്ച് അതൃപ്തി അറിയിച്ചിരുന്നുവെന്ന സൂചനയും മുനീര്‍ നല്‍കുന്നു.
ഞങ്ങള്‍ക്ക് ആകെയുള്ള പ്രതീക്ഷ രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കാണ്. ആര്‍എസ്എസ് ചിന്താഗതി ആര്‍ക്കെങ്കിലും മനസ്സിലുണ്ടെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നാണ് അദ്ദേഹം പറഞ്ഞത്.  ഇക്കാര്യം കോണ്‍ഗ്രസാണ് പരിശോധിക്കേണ്ടതും നടപടി വേണോയെന്ന് തീരുമാനിക്കേണ്ടതും. പൊതു വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയരുത്. മുന്നണിയിലും പാര്‍ട്ടിയിലും കൂടിയാലോചന ഇല്ലാത്തതിനാല്‍ ആണ് ഇത് സംഭവിക്കുന്നതെന്ന്  മുനീര്‍ പറഞ്ഞു.

Share this story