പാലായിലെ സിപിഎം - കേരള കോണ്‍ഗ്രസ് - എം അകല്‍ച്ച കല്ലുകടിയാകും....കേരളാ കോൺഗ്രസ് ബന്ധത്തിലെ വിള്ളൽ സിപിഎമ്മിന് വിനയാകുമോ ? അവസരം മുതലെടുക്കാന്‍ കിണഞ്ഞു ശ്രമിച്ചു കോണ്‍ഗ്രസും

google news
pinarayi jose k mani

പാലായിലെ സിപിഎം - കേരള കോണ്‍ഗ്രസ് - എം അകല്‍ച്ച കല്ലുകടിയാകും. മുന്നണി മാറ്റത്തിന്റെ രക്തസാക്ഷിയായ ജോസ് കെ മാണിയുടെ തട്ടകമായ 'പാലാക്കാര്യത്തിലെ' അസ്വസ്ഥതകളിൽ തുടങ്ങിയ ഇടതുമുന്നണി - കേരളാ കോൺഗ്രസ് ബന്ധത്തിലെ വിള്ളൽ സിപിഎമ്മിന് വിനയാകുമോ ? അവസരം  മുതലെടുക്കാന്‍ കിണഞ്ഞു ശ്രമിച്ചു കോണ്‍ഗ്രസും 

കോട്ടയം: കേരളാ കോൺഗ്രസ് എമ്മിനെ ഏത് വിധേനയും യു ഡി എഫിൽ തിരികെ എത്തിക്കാൻ കോൺഗ്രസ് നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നതിനിടെ മധുവിധു കാലത്തുതന്നെ എൽ ഡിഎഫ് - കേരളാ കോൺഗ്രസ് ( എം ) ബന്ധത്തിൽ കല്ലുകടിയെന്ന് റിപ്പോർട്ട്. 

കേരളാ കോൺഗ്രസിന്റെ ആസ്ഥാനമായ പാലായിൽ എൽ ഡി എഫ് - കേരളാ കോൺഗ്രസ് ബന്ധം ദിനംപ്രതി വഷളാകുന്നതും സംസ്ഥാന തലത്തിൽ ബോർഡ് , കോർപ്പറേഷൻ വീതം വയ്‌പ്പിൽ ഉൾപ്പെടെ അർഹമായ പരിഗണന കിട്ടാത്തതും കേരളാ കോൺഗ്രസിനെ പുനരാലോചനയ്ക്ക് പ്രേരിപ്പിക്കുന്നതായാണ് റിപ്പോർട്ട്. കേരളാ കോൺഗ്രസിന്റെ അതൃപ്തി പാർട്ടി നേതൃത്വം തന്നെ അവരുടെ സ്വതവേയുള്ള സൗമ്യമായ ശൈലിയിലാണെങ്കിലും സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. 

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനു മാസങ്ങൾക്ക് മുൻപ് യുഡിഎഫ് ബന്ധം അവസാനിപ്പിച്ചു എൽ ഡി എഫിലെത്തിയ കേരളാ കോൺഗ്രസിന് അതിന്റെ ആസ്ഥാനമായ പാലായിലെ ബഹുഭൂരിപക്ഷം വരുന്ന യു എഫി എഫ് വിശ്വാസികൾ നൽകിയ പ്രഹരമായിരുന്നു ജോസ് കെ മാണിയുടെ തോൽവി. യഥാർത്ഥത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ കാരണഭൂതരിലൊരാളായ ജോസ് കെ മാണി മുന്നണി മാറ്റത്തിന്റെ പേരിൽ രക്തസാക്ഷിയാകുകയായിരുന്നുവെന്നാണ് കേരളാ കോൺഗ്രസിന്റെ വിലയിരുത്തൽ . 

The CPM-Kerala Congress-M rift in Pala will be rocky

പാലായിലെ സിപിഎമ്മിനും സി പി ഐക്കുമെല്ലാം ആ തോൽ‌വിയിൽ ഗണ്യമായ പങ്കുണ്ടെന്ന കാര്യത്തിലും അവർക്ക് തർക്കമില്ല. പക്ഷെ അതെല്ലാം കേരളാ കോൺഗ്രസ് ക്ഷമിച്ചതുമാണ്. എന്നാൽ അതിനുശേഷവും സിപിഎം പാലായിൽ കാണിക്കുന്ന വിവേചനവും അത് പലതവണ ശ്രദ്ധയിൽ പെടുത്തിയിട്ടും സംസ്ഥാന നേതൃത്വം പാലാക്കാര്യത്തിൽ കാണിക്കുന്ന അലംഭാവവും എല്ലാം കേരളാ കോൺഗ്രസിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണോ എന്ന സംശയമാണ് ബലപ്പെടുന്നത്. 

 പാലായിൽ ജോസ് കെ മാണിക്കെതിരെ യു ഡി എഫും മാണി സി കാപ്പനും കാണിക്കുന്ന കടന്നാക്രമണത്തെ ചെറുക്കാൻ കേരളാ കോൺഗ്രസ് ഒറ്റക്കാണ് എന്നതാണാവസ്ഥ. എൽ ഡി എഫ് എന്നൊരു സംവിധാനം പാലായിൽ പ്രവർത്തിക്കുന്നില്ല. മാത്രമല്ല പാലായുടെ ചുമതലയുള്ള സിപിഎമ്മിലെ പ്രമുഖന്റെ തണലിൽ നഗരസഭയിൽ പോലും സിപിഎം കൗൺസിലർമാർ കേരളാ കോൺഗ്രസിന്റെ നഗരസഭാ ചെയർമാനെതിരെ ഒളിഞ്ഞും തെളിഞ്ഞും പടനയിക്കുകയാണ്. 

അടുത്തിടെ സിപിഎം ടിക്കറ്റിൽ വിജയിച്ച നഗരസഭയിലെ പ്രമുഖ കൗൺസിലർ ജോസ് കെ മാണിയെ വ്യക്തിപരമായി അവഹേളിച്ചുകൊണ്ട് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിട്ടും സിപിഎം ചെറുവിരലനക്കിയില്ലെന്നു കേരളാ കോൺഗ്രസിന് പരാതിയുണ്ട്. എന്ന് മാത്രമല്ല അടുത്തിടെ പേരിനു മാത്രം എൽ ഡി എഫായ മാണി സി കാപ്പന്റെ മൂത്ത സഹോദരൻ ജോർജ് സി കാപ്പൻ പ്രസിഡന്റായ കിഴതടിയൂർ ബാങ്ക് തെരെഞ്ഞെടുപ്പിൽ കാപ്പൻ സഹോദരനെ തന്നെ വീണ്ടും എൽ ഡി എഫ് പാനലിൽ മത്സരിപ്പിക്കാൻ പാലായിലെ പ്രമുഖനായ സിപിഎം നേതാവ് കിണഞ്ഞു ശ്രമിച്ചിരുന്നു. 

jose k mani roshi augustine

ഒടുവിൽ ജോസ് കെ മാണി ഇടപെട്ടപ്പോഴാണ് അദ്ദേഹത്തെ പാനലിൽ നിന്നും ഒഴിവാക്കിയത്. പക്ഷെ കഴിഞ്ഞ ദിവസം നടന്ന തെരെഞ്ഞെടുപ്പിൽ പാനലിന്റെ രക്ഷാധികാരിയായി ജോർജ് സി കാപ്പനെതന്നെ നിയമിച്ചു സിപിഎം തിരിച്ചടിച്ചു. എന്ന് മാത്രമല്ല കാപ്പൻ സഹോദരന്മാരുടെ ഉറ്റ സുഹൃത്തായ, ജോസ് കെ മാണിയെ സോഷ്യൽ മീഡിയയിൽ അപമാനിച്ച സിപിഎം കൗൺസിലറെ ഈ പാനലിൽ നിർത്തി വിജയിപ്പിക്കുകയും ചെയ്തു. ഇത് ഏറ്റവും ഒടുവിലായി കേരളാ കോൺഗ്രസിനെ വല്ലാതെ ചൊടിപ്പിച്ച സംഭവമാണ്.    

മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് ജോസ് കെ മാണിക്കുള്ളത്. കോടിയേരി ബാലകൃഷ്ണനുമായും നല്ല ബന്ധം തന്നെ  അതിനാൽ മുന്നണി വിടാൻ കേരളാ കോൺഗ്രസിന് ഇപ്പോഴും മനസ്സില്ല. പക്ഷെ കേരളാ കോൺഗ്രസിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ് പാലാക്കാര്യം. അവിടെ ഇനിയും വിട്ടുവീഴ്ച ചെയ്‌താൽ അത് ആ പാർട്ടിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് നേതൃത്വത്തിനറിയാം. സിപിഐ ആണെങ്കിൽ മുന്നണി പ്രവേശനത്തിന് ശേഷവും കേരളാ കോൺഗ്രസിനോട് ചിറ്റമ്മ നയമാണ് തുടരുന്നത്.

പാലാക്കാര്യത്തിലെ അസ്വസ്ഥതകൾക്ക് പിന്നാലെ ഭരണ തലത്തിൽ സ്ഥാനമാനങ്ങൾ വീതം വച്ചതിലും കേരളാ കോൺഗ്രസിന് അതൃപ്തിയുണ്ട്. ബോർഡ് - കോർപ്പറേഷൻ പദവികളിൽ വലിയ തർക്കങ്ങൾ ഇല്ലെങ്കിലും സാംസ്കാരിക മേഖലയിൽ ഉൾപ്പെടെ കേരളാ കോൺഗ്രസിനെ പാടേ അവഗണിച്ചതായി വിലയിരുത്തലുണ്ട്. ഇക്കാര്യങ്ങളിൽ പലതും ആവർത്തിച്ചു ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നതിലും കേരളാ കോൺഗ്രസ് എമ്മിന് അതൃപ്തിയുണ്ട്.  

നിയമസഭാ  തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി തോല്‍ക്കാനുള്ള പ്രധാന കാരണം സിപിഎം വോട്ട് കാപ്പന് മറിച്ചത് മൂലമാണെന്ന ആരോപണം ഉണ്ടായെങ്കിലും പാർട്ടി തലത്തിൽ സിപിഎം ഭാഗത്തു നിന്നും നടപടി ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.  

jose k mani election

അതേസമയം പാലായിൽ നഗരസഭാ - പഞ്ചായത്ത് വാർഡുകളിൽ ഒരിടത്തുപോലും നൂറു വോട്ടു തികച്ചില്ലാത്ത സി.പി.എമ്മിന് ഇപ്പോൾ പാലയിലെ മിക്ക പഞ്ചായത്തുകളിലും ഭരണമുണ്ട്. കേരളാ കോൺഗ്രസ് പഞ്ചായത്തുകളായ മീനച്ചിൽ, എലിക്കുളം എന്നിവടങ്ങളിലെല്ലാം സിപിഎം പഞ്ചായത് പ്രസിഡന്റുമാരാണ് ഭരിക്കുന്നത്. ചരിത്രത്തിൽ സിപിഎം കാലുകുത്താത്ത പാലാ നഗരസഭയിലും ഒരു കാലാവധി സിപിഎം അംഗത്തിന് നൽകാനും ധാരണയുണ്ട്. 

  കേരളാ കോണ്‍ഗ്രസിന്റെ ഇത്തരം അതൃപ്തികൾ ഉടൻ പരിഹരിച്ചില്ലെങ്കില്‍ അത് വരുനാളുകളിൽ എൽ ഡി എഫ് - കേരളാ കോൺഗ്രസ് ബന്ധത്തെ ഹാനികരമായി ബാധിക്കാനിടയുണ്ട്.  കേരളാ കോൺഗ്രസ് എമ്മിനെ ഏത് വിധേനയും യു ഡി എഫിൽ തിരികെ എത്തിക്കാൻ കോൺഗ്രസ് കിണഞ്ഞു  ശ്രമിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയെ ഇക്കാര്യത്തിൽ ഇടപെടുവിക്കാനാണ് നേതൃത്വത്തിന്റെ ധാരണ. നേരത്തെ ഡൽഹിയിൽ വച്ച് ജോസ് കെ മാണിയുമായി സംസാരിക്കാൻ കോൺഗ്രസിലെ ഉന്നതൻ ശ്രമം നടത്തിയെങ്കിലും അതിനു ജോസ് കെ മാണി പിടികൊടുത്തില്ല. 

പക്ഷെ കേരളാ കോൺഗ്രസ് സംസ്കാരവും സിപിഎം സംസ്കാരവുമായി യോജിക്കാൻ കഴിയില്ലെന്നറിയാവുന്ന കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ പ്രതീക്ഷയും പരിശ്രമവും തുടരും. കോൺഗ്രസിലെ നേതൃമാറ്റവും ഇക്കാര്യത്തിൽ കേരളാ കോൺഗ്രസിന് അനുകൂല ഘടകമാണ്. കേരളാ കോൺഗ്രസ് എമ്മിനെ പുറത്താക്കുന്നതിനെ എതിർത്ത വി ഡി സതീശനുമായും കെ സുധാകരനുമായും വ്യക്തിപരമായി ജോസ് കെ മാണിക്കും റോഷി അഗസ്റ്റിനും എൻ ജയരാജനുമെല്ലാം നല്ല ബന്ധമാണുള്ളത്.
 

Tags