ഞാനും മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ് ഹൗസിൽ ഒരുപാട് തവണ ചർച്ച നടത്തി; ഓർമിപ്പിച്ചു കൊടുക്കാമെന്ന് സ്വപ്ന

google news
swapna

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയും കുടുംബവുമായി താന്‍ ഒരുപാട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. അത് മറന്നിട്ടുണ്ടെങ്കില്‍ ഓർമിപ്പിച്ചു കൊടുക്കാമെന്ന് സ്വപ്ന പറഞ്ഞു.

"ഞാന്‍ ജയിലില്‍‌ കിടക്കുമ്പോള്‍ ഈ വിവാദ വനിതയെ അറിയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നെ അദ്ദേഹത്തിന് അറിയില്ല എന്ന് പറയുന്നത് കള്ളമാണ്. ഞാനും മുഖ്യമന്ത്രിയും ഭാര്യയും മകനും മകളും ഭാര്യയും ഒരുമിച്ച് ക്ലിഫ് ഹൗസിൽ ഒരുപാട് കാര്യങ്ങളിൽ തീരുമാനമെടുത്തിട്ടുണ്ട്"- സ്വപ്ന പറഞ്ഞു.

മുഖ്യമന്ത്രി ഷാജ് കിരണെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുകയായിരുന്നു. ഷാജ് കിരണെ അയച്ചത് മുഖ്യമന്ത്രി തന്നെയാണ് എന്ന് സ്വപ്ന ആവർത്തിച്ചു. 

എനിക്കെതിരെ കേരളത്തിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളില്‍ കേസെടുത്താലും സെക്ഷന്‍ 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ച് നില്‍ക്കും. ഇതില്‍ നിന്ന് ഞാന്‍ പിന്‍മാറണമെങ്കില്‍ നിങ്ങള്‍ എന്നെ കൊല്ലണം.

കൊന്നുകഴിഞ്ഞാല്‍ ഒരു പക്ഷേ ഇത് ഇവിടെ നിലക്കും. എന്നാല്‍ എല്ലാ തെളിവുകളും പല ആളുകളുടേയും പക്കലുണ്ട്. എന്നെ കൊന്നത് കൊണ്ട് മാത്രമാകില്ല. ജയിലിലിട്ട് മര്‍ദ്ദിച്ച് എന്തെങ്കിലും എഴുതി വാങ്ങാനുണ്ടെങ്കില്‍ അതിന് ശ്രമിക്കാം.ഗൂഢാലോചന ആരാണ് നടത്തിയതെന്ന് പ്രവൃത്തി കൊണ്ട് തെളിയുന്നുണ്ടെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.
 

Tags