കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനില്ലെന്ന് ശശി തരൂർ

shashi tharoor

കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനില്ലെന്ന് ശശി തരൂർ . ‘രണ്ട് യുഡിഎഫ് എംപിമാര്‍ യുഡിഎഫിന്റെ ഒരു ഘടകകക്ഷിയെ കണ്ട് സംസാരിച്ചതില്‍ ഇത്ര വാര്‍ത്തയെന്താണെന്ന് മനസിലായില്ല. ചിലര്‍ പറയുന്നു ഇത് വിഭാഗീയതയുടെ കാര്യമാണ് ഗ്രൂപ്പ് ഉണ്ടാക്കലാണ് എന്നൊക്കെ. എന്നാല്‍ ഒരു ഗ്രൂപ്പുണ്ടാക്കാനും ഞങ്ങള്‍ക്ക് താല്‍പര്യമില്ല, അതിന് ഒരു സാധ്യതയുമില്ല. കോണ്‍ഗ്രസിനകത്ത് എയും ഐയും തന്നെ കൂടുതലാണ്, ഇനി ഒയും ഇയും ഒന്നും വേണ്ട. ഇനി ഒരക്ഷരം വേണമെങ്കില്‍ യു ആകാം, യുണൈറ്റഡ് കോണ്‍ഗ്രസ്, അതാണ് ഞങ്ങള്‍ക്ക് ആവശ്യമുള്ളത്’, പാണക്കാട് തങ്ങള്‍ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാണക്കാട് സന്ദര്‍ശനത്തില്‍ അസ്വാഭാവികതയില്ലെ. പാണക്കാട്ടേക്കുള്ള യാത്ര സാധാരണമാണ്. മലപ്പുറത്ത് വരുമ്പോഴെല്ലാം പോകാറുണ്ട്. കോണ്‍ഗ്രസിന് വേണ്ടിയും യുഡിഎഫിന് വേണ്ടിയുമാണ് താന്‍ സംസാരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

രാജ്യത്ത് ഭിന്നിക്കുന്ന രാഷ്ട്രീയം നടക്കുന്ന സമയത്ത് എല്ലാവരെയും കൂട്ടിയോചിപ്പിച്ചുള്ള രാഷ്ട്രീയമാണ് അത്യാവശ്യം. ഇന്‍ക്ലൂസീവ് ഇന്ത്യയാണ് തന്റെ മുദ്രാവാക്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശശി തരൂരിന്റെ സന്ദര്‍ശനങ്ങളെ ആരാണ് ഭയക്കുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, തനിക്ക് ആരെയും ഭയമില്ലെന്നും ആരും തന്നെ ഭയക്കേണ്ടതിന്റെ ആവശ്യമില്ലെന്നുമായിരുന്നു തരൂരിന്റെ മറുപടി.

Share this story