സിറോ മലബാര്‍ സഭ ഭൂമിയിടപാട് സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി

google news
syro malabar church

ദില്ലി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഉത്തരവില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തുടര്‍നടപടികളില്‍ സുപ്രീംകോടതിയുടെ അതൃപ്തി.

സഭാ ഭൂമിയിടപാടിലെ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീംകോടതിയില്‍ എത്തിയിരുന്നു. ആസ്തി വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവ്  ചോദ്യം ചെയ്ത ബത്തേരി രൂപത അടക്കം നല്‍കിയ ഹര്‍ജികളിലും കോടതി രണ്ടു ദിവസം വാദം കേട്ടു. കേസില്‍ കക്ഷി ചേരാന്‍ കേരള കത്തോലിക് ചര്‍ച്ച് റിഫോംസ് ഗ്രൂപ്പും ഷൈന്‍ വര്‍ഗീസും നല്‍കിയ അപേക്ഷയും സുപ്രിംകോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ ഇവരെ കക്ഷി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രിംകോടതി പറഞ്ഞു.  


ക്രിമിനല്‍ നടപടി ചട്ടത്തിലെ 482-ാം വകുപ്പ് പ്രകാരം കേസ് റദ്ദാക്കാന്‍ നല്‍കുന്ന ഹര്‍ജികളില്‍ ഹൈക്കോടതിക്ക് എങ്ങനെ മറ്റു നടപടികള്‍ സ്വീകരിക്കാനാകുമെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. അതേ സമയം, കേസുകള്‍  റദ്ദാക്കണമെന്ന കര്‍ദ്ദിനാളിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചത്. ഇതു ചോദ്യം ചെയ്ത കോടതി എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി അധികാരത്തിന്റെ നിയമവശത്തിലേക്ക് തല്ക്കാലം കടക്കുന്നില്ല എന്നറിയിച്ചു.  

സഭയുടെ ഭൂമിയുടെ കാര്യം മാത്രം എങ്ങനെ സ്വകാര്യവിഷയമായി കണക്കാക്കാനാകുമെന്ന നീരീക്ഷണവും കോടതിയില്‍ നിന്നുണ്ടായി. അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്താനായില്ലെന്ന വാദം സംസ്ഥാനം കോടതിയില്‍ ആവര്‍ത്തിച്ചു. സുപ്രീം കോടതി ജഡ്ജി എന്ന നിലയ്ക്ക് തന്റെ ജീവിതത്തില്‍ ഇത്തരം ഒരു കേസ് ആദ്യമാണെന്ന പരാമര്‍ശത്തോടെയാണ് ജസ്‌ററിസ് ദിനേശ് മഹേശ്വരി വിധി പറയാന്‍ മാറ്റിയത്. 

Tags