സ്വപ്‍ന സുരേഷിനെതിരായ പരാതി : കെടി ജലീലിന്റെ വിശദമൊഴി രേഖപ്പെടുത്തി
KT JALEEL


മലപ്പുറം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷിനെതിരായ പരാതിയിൽ മുൻ മന്ത്രി കെടി ജലീലിന്റെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കെടി ജലീലിന്റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. സ്വപ്‍നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ ബുദ്ധികേന്ദ്രം ആരെന്ന് കണ്ടെത്തണമെന്നുമാണ് ജലീൽ ആവശ്യപ്പെട്ടത്. സമഗ്ര അന്വേഷണത്തിലൂടെ ഇലക്‌ട്രോണിക്‌ തെളിവുകൾ പരിശോധിച്ച് സത്യം പുറത്തുകൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കെടി ജലീലിന്റെ പരാതിയിൽ കന്റോൺമെന്റ് പോലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പട്ട് സ്വപ്‍ന സുരേഷ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ്‌ സിയാദ് റഹ്‌മാൻ ആണ് ഹരജി പരിഗണിക്കുക. രഹസ്യമൊഴി നല്കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നും സ്വപ്‍ന കോടതിയെ അറിയിച്ചു.

മുഖ്യമന്ത്രിയും കുടുംബവും മുൻ മന്ത്രിമാരും അടക്കം കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കോടതിയിൽ വെളിപ്പെടുത്തിയതിലുള്ള പ്രതികരണമാണ് കേസിന് പിന്നിലെന്നും മൊഴി തിരുത്താൻ മുഖ്യമന്ത്രിയിൽ നിന്നടക്കം ഭീഷണിയുണ്ടെന്നും സ്വപ്‍ന ഹരജിയിൽ ആരോപിച്ചിട്ടുണ്ട്.

Share this story