'നന്ദനയ്ക്ക് ഇന്‍സുലിന്‍ പമ്പ് ഞാന്‍ വാങ്ങി നല്‍കാം' : വാക്ക് പാലിച്ച് സുരേഷ് ഗോപി

google news
suresh gopi

തിരുവനന്തപുരം: കല്‍പ്പറ്റ കോട്ടത്തറയില്‍നിന്ന് ബുധനാഴ്ച തലസ്ഥാനത്ത് എത്തിയ നന്ദനയെ ചേര്‍ത്തുപിടിച്ചപ്പോള്‍ സുരേഷ്ഗോപിയുടെ കൈയില്‍ അവളുടെ വേദനയ്ക്കുള്ള പരിഹാരവുമുണ്ടായിരുന്നു. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്റര്‍ അപൂര്‍വമായ സ്നേഹസംഗമത്തിനാണ് സാക്ഷ്യംവഹിച്ചത്. സുരേഷ്‌ഗോപി വാങ്ങിനല്‍കിയ 'ഇന്‍സുലിന്‍ പമ്പ്' എന്ന ഉപകരണം ശരീരത്തില്‍ ഘടിപ്പിച്ച് തന്റെ രോഗാവസ്ഥയില്‍ ആശ്വാസം കണ്ടാണ് നന്ദന മടങ്ങിയത്.

കല്‍പ്പറ്റയില്‍ ഓട്ടോഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകള്‍ നന്ദന ടൈപ്പ്-ഒന്ന് പ്രമേഹരോഗിയാണ്. ദിവസവും പലതവണ ശരീരത്തില്‍ സൂചിയിറക്കി പ്രമേഹനില പരിശോധിക്കേണ്ട അവസ്ഥയിലായിരുന്നു. ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം ശരീരത്തില്‍ പിടിപ്പിച്ചാല്‍ ഈ പ്രശ്നത്തിനു പരിഹാരം കാണാം.

കഴിഞ്ഞ വയനാട് സന്ദര്‍ശനത്തിനിടെ നടന്‍ സുരേഷ്‌ഗോപിയെ കാണാന്‍ നന്ദനയുടെ മാതാപിതാക്കള്‍ എത്തിയിരുന്നു. ഇവരുടെ കണ്ണീര്‍ കണ്ട് സുരേഷ്‌ഗോപി അന്ന് വാക്കുകൊടുത്തതാണ്- 'നന്ദനയ്ക്ക് ഇന്‍സുലിന്‍ പമ്പ് ഞാന്‍ വാങ്ങി നല്‍കാം'. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍നിന്നാണ് വരുത്തിച്ചത്. ആറുലക്ഷം രൂപ വിലവരുന്ന ഇന്‍സുലിന്‍ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്കു കൈമാറി. ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ചതന്നെ ഇന്‍സുലിന്‍ പമ്പ് കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചു.

Tags