ജപ്തി നോട്ടീസിന് പിന്നാലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി

google news
vn vasavan

കേരളാ ബാങ്കിന്റെ ജപ്തി നടപടിയെ തുടര്‍ന്ന് ശൂരനാട് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനില്‍ അഭിരാമി(20)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളാ ബാങ്കിന്റെ നടപടികള്‍ നിയമപരമല്ല. ക്രൂരതയാണ് ബാങ്ക് കാണിച്ചതെന്നും കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് അഭിരാമി.
ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ജപ്തി നോട്ടീസ് കണ്ട അഭിരാമി നോട്ടീസ് മറയ്ക്കണമെന്നു പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. ബാങ്ക് അധികൃതര്‍ ജപ്തി നോട്ടീസ് പതിക്കാന്‍ വന്നപ്പോള്‍ അഭിരാമിയുടെ മുത്തച്ഛനും മുത്തശ്ശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ജപ്തി വിവരം അന്വേഷിക്കാന്‍ മാതാപിതാക്കള്‍ ബാങ്കിലേക്കു പോയ സമയത്ത് വിദ്യാര്‍ത്ഥിനി തൂങ്ങി മരിക്കുകയായിരുന്നു. വായ്പ മുടങ്ങിയതിനെ തുടര്‍ന്നായിരുന്നു ബാങ്കിന്റെ ജപ്തി നടപടി. കേരള ബാങ്ക് പതാരം ബ്രാഞ്ചില്‍ നിന്നായിരുന്നു കുടുംബം വായ്പ എടുത്തിരുന്നത്.

Tags