സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ കര്‍ശന നടപടി: വനിതാ കമ്മീഷന്‍

Strict action against defamation of women through social media Women Commission

കൊല്ലം: സാമൂഹ്യമാധ്യമങ്ങള്‍ വഴി സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

പരാതി നല്‍കുകയും പ്രതികരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെ വധഭീഷണിയുള്‍പ്പെടെ ഉയരുന്നതായി കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി സൈബര്‍സെല്‍, പോലീസ് വകുപ്പുകളുടെ സഹകരണത്തോടെ അന്വേഷണം ശക്തമാക്കി കര്‍ശന നടപടികള്‍ സ്വീകരിക്കും.

തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റിയില്‍ നല്‍കി തീര്‍പ്പായില്ലെങ്കില്‍ മാത്രം കമ്മീഷന് സമര്‍പ്പിക്കാമെന്ന് കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. അദാലത്തില്‍ 81 പരാതികള്‍ പരിഗണിച്ചതില്‍ 32 എണ്ണം തീര്‍പ്പാക്കി. നാല് പരാതികള്‍ റിപ്പോര്‍ട്ടിനായി നല്‍കി. 43 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. 

രണ്ട് പരാതികള്‍ ജില്ലാ ലീഗല്‍ സര്‍വീസ്  അതോറിറ്റിക്ക്  കൈമാറി.വനിതാ കമ്മീഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്‍, അഭിഭാഷകരായ ഹേമ ശങ്കര്‍, ജയ കമലാസന്‍, ബെച്ചികൃഷ്ണ, കൗണ്‍സിലര്‍ അനഘ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story