ശ്രീറാമിനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്'; ന്യായമായ വിയോജിപ്പുകളെ എല്‍ഡിഎഫ് തള്ളില്ലെന്ന് കോടിയേരി

google news
kodiyeri balakrishnan
ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് സര്‍വീസ് നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമെന്നും ദേശാഭിമാനിയിലെ ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു.

ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ജനവികാരം കണക്കിലെടുത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനാധിപത്യപരമായ വിയോജിപ്പുകളെ എല്‍ഡിഎഫ് തള്ളില്ലെന്നും കോടിയേരി അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് സര്‍വീസ് നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമെന്നും ദേശാഭിമാനിയിലെ ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു.
സിപിഎമ്മിനകത്തും എല്‍ഡിഎഫിനകത്തും എതിര്‍പ്പുണ്ടായതോടെയാണ് മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പത്രപ്രവര്‍ത്തക യൂണിയന്‍ മുതല്‍ കേരള മുസ്ലിം ജമാഅത്ത് വരെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ നീക്കിയത്. സിവില്‍ സര്‍വീസിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ക്ക് ഓരോ സമയത്തും ഓരോ ചുമതല നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കാന്‍ 2028 വരെ സമയമുണ്ടെന്നിരിക്കെ ധൃതിപ്പെട്ടെടുത്ത തീരുമാനം കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. 
ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടറായിരുന്ന വി ആര്‍ കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി ഇന്നലെ ചുമതല ഏറ്റെടുത്തു. ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ശേഷമാണ് കൃഷ്ണതേജയെ നിയമിച്ചത്. ചുമതല കൈമാറാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയില്ല. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്. 

Tags