ശബരിമല ക്ഷേത്ര ശ്രീകോവിലിലെ ചോര്‍ച്ച കണ്ടെത്താന്‍ ഇന്ന് പ്രത്യേക പരിശോധന
Sabarimala temple
ദേവസ്വം പ്രസിഡന്റ്, തന്ത്രി, ശബരിമല സ്‌പെഷ്യഷല്‍ കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം വിജിലന്‍സ് എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന

ശബരിമല ശ്രീകോവിലിന് ചോര്‍ച്ച കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പരിശോധന ഇന്ന് നടക്കും. രാവിലെ 8.30നാണ് പരിശോധന. ദേവസ്വം പ്രസിഡന്റ്, തന്ത്രി, ശബരിമല സ്‌പെഷ്യഷല്‍ കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം വിജിലന്‍സ് എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന നടക്കുന്നത്. ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്കാണ് മഴ പെയ്യുമ്പോള്‍ വെള്ളം വീഴുന്നത്. സ്വര്‍ണം പതിച്ച മേല്‍ക്കൂര പൊളിച്ച് പരിശോധിച്ചാല്‍ മാത്രമെ ചോര്‍ച്ചയുടെ തീവ്രത മനസിലാകു എന്നാണ് വിവരം. 

വിഷുമാസ പൂജകള്‍ക്ക് നട തുറന്നപ്പോള്‍ തന്നെ ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയില്‍ വന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ തന്നെയാണ് രണ്ടാഴ്ച മുന്‍പ് പറഞ്ഞത്. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ കണ്ടെത്തിയ ചോര്‍ച്ചയുടെ തീവ്രത മൂന്ന് മാസങ്ങള്‍ക്കിപ്പുറം മാധ്യമ വാര്‍ത്തകള്‍ക്ക് ശേഷമാണ് ദേവസ്വം ബോര്‍ഡ് ഗൗരവത്തിലെടുത്തത്. 

Share this story