സിൽവർ ലൈൻ പ്രതിഷേധം ; കെ സുധാകരനെ ഉടൻ ജയിലിൽ അടക്കണം : എംവി ജയരാജൻ
mvs

കണ്ണൂർ : യുഡിഎഫിന്റെ നേതൃത്വത്തിൽ നടക്കുന്ന കെ റെയിൽ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കെ റെയിൽ കല്ല് പറിക്കുന്ന കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ ഉടൻ കേസെടുത്ത് ജയിലിൽ അടക്കണമെന്ന് എംവി ജയരാജൻ ആവശ്യപ്പെട്ടു.

ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരൻ തന്നെ പോലെ ജയിലിൽ പോയി ഗോതമ്പ് ദോശ തിന്നാൻ തയ്യാറക്കണമെന്നും അദ്ദേഹം പറഞ്ഞു. സുധാകരനും യൂത്ത് കോൺഗ്രസ് ചാവേറുകളുമാണ് കല്ല് പറിക്കാൻ നടക്കുന്നത്. ഉദ്യോഗസ്‌ഥരെ കൊല്ലുമെന്ന് സുധാകരന്റെ ചാവേറുകൾ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഉദ്യോഗസ്‌ഥർ കല്ലിടൽ നിർത്തിയത്. ബൂട്ടിട്ട് സമരക്കാരെ ചവിട്ടിയ പോലീസ് നടപടി തെറ്റാണെന്നും എംവി ജയരാജൻ പ്രതികരിച്ചു.

മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് യുഡിഎഫ്. ഘടകകക്ഷികൾക്ക് രക്ഷപ്പെടണമെങ്കിൽ ഇപ്പോഴാണ് അവസരമെന്നും എംവി ജയരാജൻ പറഞ്ഞു. കോൺഗ്രസാണ് യുഡിഎഫിലെ കക്ഷികളെ കടലിൽ മുക്കുന്നത്. ആ പാർട്ടികൾ തന്നെ ഇക്കാര്യം തിരിച്ചറിയുന്നുണ്ട്. മുങ്ങി മരിക്കാതിരിക്കണമെങ്കിൽ രക്ഷപ്പെടുകയാണ് വേണ്ടത്. ലീഗിലെ പല നേതാക്കളും സിപിഎമ്മിലേക്ക് വരുന്നുണ്ടെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.

Share this story