സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രാനുമതി നിർബന്ധം : നിലപാട് ശക്തമാക്കി മുഖ്യമന്ത്രി

google news
cm pinarayi vijayan


തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് ശക്‌തമാക്കി മുഖ്യമന്ത്രി. പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

എന്നാൽ, ഇവിടെ ബിജെപി സമരം ചെയ്യുമ്പോൾ കേന്ദ്രം അനുമതി നൽകാൻ മടിച്ചു നിൽക്കുകയാണ്. പ്രതിപക്ഷം അവരുടെ ഉദ്ദേശം എന്താണെന്ന് തുറന്ന് കാട്ടണം. കേരളത്തിന്റെ വികസനം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനജീവിതം നവീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ വികസന പ്രവർത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണ്. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങൾ നേടിയെടുക്കുകയാണ് പ്രധാനം. ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂ. വികസന പ്രവർത്തനങ്ങൾക്ക് തടയിടുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags