ശിഹാബ് ചോറ്റൂരിന്‍റെ ഇൻസ്റ്റഗ്രാം ഹാക്ക്​ ചെയ്തു ; അരമണിക്കൂറിനകം തിരികെ ലഭിച്ചു

google news
Instagram

മലപ്പുറം : ഏഴ്​ രാജ്യങ്ങൾ കാൽനടയായി താണ്ടി ഹജ്ജ് കർമത്തിന്​ യാത്രതിരിച്ച മലപ്പുറം ആതവനാട് ചോറ്റൂർ സ്വദേശിയായ ചേലമ്പാടൻ ശിഹാബിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക്​ ചെയ്തു. അരമണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കുകയും ചെയ്തു.

23 ലക്ഷത്തിലധികം പേർ പിന്തുടരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രൊഫൈൽ ചിത്രമായി ഒരു വിദേശവനിതയുടെ പടം വന്നതോടെയാണ് ഹാക്ക്​ ചെയ്തുവെന്ന കാര്യം പലരും കമന്‍റായി രേഖപ്പെടുത്തിയത്. ദിവസവും യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത്.

ജൂൺ രണ്ടിന് പുലർച്ച ആറോടെയാണ് ശിഹാബ് 8640 കി.മീ. താണ്ടി ഹജ്ജ് ചെയ്യാനുള്ള സ്വപ്നയാത്രക്ക് വളാഞ്ചേരിക്കടുത്ത ആതവനാടുനിന്ന് പുറപ്പെട്ടത്. നിലവിൽ രാജസ്ഥാനിലൂടെയാണ് ഇദ്ദേഹം യാത്ര തുടരുന്നത്. കേരളത്തിലും പുറം സംസ്ഥാനങ്ങളിലും വൻ സ്വീകരണമൊരുക്കിയാണ് വിശ്വാസികൾ ശിഹാബിന്‍റെ യാത്രക്ക് പിന്തുണ അറിയിക്കുന്നത്.

ഗുജറാത്തിലും രാജസ്ഥാനിലും വൻ ജനാവലിയാണ് ശിഹാബിന്‍റെ യാത്ര കാണാനെത്തിയത്. ജനബാഹുല്യം കാരണം പലയിടത്തും കനത്ത പൊലീസ് ബന്തവസ്സിലാണ് യാത്ര. രാജസ്ഥാനിൽ 30 പൊലീസുകാരുടെ അകമ്പടിയിലാണ് ശിഹാബിന്‍റെ സഞ്ചാരം.

Tags