ശശി തരൂരിന്റെ മലബാര്‍ സന്ദര്‍ശനം തുടരും, ഇന്ന് കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും

shashi tharoor

വിവാദങ്ങള്‍ക്കിടെ ശശി തരൂരിന്റെ വടക്കന്‍ കേരളത്തിലെ സന്ദര്‍ശന പരിപാടികള്‍ ഇന്നും തുടരും.അപ്രഖ്യാപിത വിലക്കെന്ന പേരില്‍ വലിയ ചര്‍ച്ചകളാണ് തരൂരിനെ ചുറ്റിപറ്റി ഉയരുന്നത്. കെപിസിസി തരൂരിനെ ഒഴിവാക്കുകയാണെന്നാണ് ആക്ഷേപം. എന്നാല്‍ വിഷയത്തില്‍ തരൂര്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.
മലബാര്‍ സന്ദര്‍ശനം തുടരുകയാണ് തരൂര്‍. അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ ടിപി രാജീവന്റെ വീട്ടില്‍ രാവിലെ എത്തുന്ന തരൂര്‍, തുടര്‍ന്ന് മാഹി കലാഗ്രാമത്തില്‍ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും. നാളെ പാണക്കാട്ട് തറവാട്ടിലെ സന്ദര്‍ശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ വച്ച് മുസ്ലിം ലീഗ് നേതാക്കളുമായി തരൂര്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച കണ്ണൂരില്‍ നടക്കുന്ന വിവിധ പരിപാടികളിലും തരൂര്‍ പങ്കെടുക്കുന്നുണ്ട്.

കോഴിക്കോട് താന്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ലായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കുമെന്ന് എം കെ രാഘവന്‍ എംപിയും വ്യക്തമാക്കി.

Share this story