തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ; ബിജെപി ഫണ്ടിങ് എന്ന് വിഷ്ണുനാഥ്, പരിഹസിച്ച് ഷാഫി

shafitharoorvishnu

തിരുവനന്തപുരം: കേരളത്തില്‍ സജീവമാകുമെന്ന ശശി തരൂരിന്റെ പരാമര്‍ശത്തിന് പിന്നാലെ കെ.പി.സി.സി നിര്‍വാഹക സമിതിയില്‍ വിമര്‍ശനവുമായി നേതാക്കള്‍. ശശി തരൂരിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തിയത്. മുഖ്യമന്ത്രി കസേര ലക്ഷ്യമാക്കി ഒരുപിടി നേതാക്കള്‍ രംഗത്തെത്തിയത് യുവ നേതാക്കള്‍ക്കിടയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

ബി.ജെ.പിയുടെ പിന്തുണയോടെ സംസ്ഥാനത്ത് പ്രാദേശിക പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനായ ഫണ്ടിങ്ങും നടന്നെന്ന് വിഷ്ണുനാഥ് മുന്നറിയിപ്പുനല്‍കി. പ്രാദേശിക പാര്‍ട്ടി രൂപീകരിക്കാനുളള നീക്കത്തെ പാര്‍ട്ടി കരുതിയിരിക്കണം. രാഷ്ട്രീയ നീക്കങ്ങളെ ഗൗരവത്തോടെ കാണാന്‍ കഴിയണമെന്നും വിഷ്ണുനാഥ് കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ പറഞ്ഞു.

തരൂരിന്റെ മലബാര്‍പര്യടനവും സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും കേരള രാഷ്ട്രീയത്തില്‍ വേരുറയ്പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. തരൂര്‍ മുഖ്യമന്ത്രിയാകണമന്ന് എന്‍എസ്എസ് ഉള്‍പ്പെടെ പരസ്യ നിലപാടെടുത്തതോടെ മുതിര്‍ന്ന നേതാക്കള്‍ തരൂരിനെതിരെ രൂക്ഷമായ പ്രത്യാക്രണവുമായെത്തി.

ഇവിടെയൊരാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ വേഷമിട്ട് മത നേതാക്കളുടെയും സാമുദായിക നേതാക്കളുടെയും വീടുകള്‍ കയറിയിറങ്ങുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ പരിഹസിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ തട്ടി നടക്കാന്‍ വയ്യാതായി. പരസ്യമായ ഇത്തരം ആഗ്രഹങ്ങളുമായി നടക്കുന്നവരെ കെപിസിസി ചുമതലപ്പെടുത്തിയതാണോയെന്ന് ഷാഫി ചോദിച്ചു.

നിര്‍മാതാക്കളുടേയും സംവിധായകരുടേയും പിന്തുണയില്ലാതെ ആരും നല്ല നടനായിട്ടില്ല. അടിത്തട്ടില്‍ പ്രവര്‍ത്തിക്കാതെ മണ്ണിന്റെ മണം അറിയില്ല. ഇതിനൊക്കെ പിന്തുണ നല്‍കുന്നവരേയും നിയന്ത്രിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

എംപിമാര്‍ കൂട്ടത്തോടെ കേരളത്തിലേക്ക് മടങ്ങുകയാണെന്ന വാര്‍ത്തകളും യോഗത്തില്‍ ചര്‍ച്ചയായി. ഏതെങ്കിലും എം.പിമാര്‍ക്ക് മടുത്തെങ്കില്‍ അവര്‍ക്ക് മാറിനില്‍ക്കാമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍ വ്യക്തമാക്കി.

കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും യോഗത്തിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂരും കളത്തിലിറങ്ങി. കേരളം തന്റെ കര്‍മ്മഭൂമിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പിന്നോട്ടില്ലെന്ന സന്ദേശവുമായി തരൂര്‍ രംഗത്തെത്തിയത്.

Share this story