വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ 'പോരാളികള്‍' എന്ന് വിശേഷിപ്പിച്ച് ഷാഫി പറമ്പില്‍
shafi parambil
മൂന്നു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോരാളികള്‍ എന്ന് വിശേഷിപ്പിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിമാനത്തിലെ പ്രതിഷേധത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളായ മൂന്നു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യവും സുജിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവുമാണ് അനുവദിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഷാഫി പറമ്പിലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

' പ്രിയപ്പെട്ടവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു എന്ന കള്ളക്കേസിനെതിരായ നിയമ പോരാട്ടവും സമരങ്ങളെ അടിച്ചമര്‍ത്തുന്ന അധികാര ഗര്‍വ്വിനെതിരായ രാഷ്ട്രീയ പോരാട്ടവും തുടരും.'അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിമാനത്തില്‍ നടന്നത് മുദ്രാവാക്യം വിളിമാത്രമാണെന്നും അതിന് വധശ്രമത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ രണ്ട് വട്ടം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതികളുടെ അഭിഭാഷകന്‍ ഈ വാദം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ആക്രമിച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതികള്‍ അറിയിച്ചു.

Share this story