മിഠായി വാങ്ങാനെത്തിയ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം : 69കാരന് 4 വർഷം കഠിനതടവ്
palakkad

പാലക്കാട് : കടയിൽ മിഠായി വാങ്ങിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനു 4 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. പാലക്കാട് കപ്പൂർ എറവക്കാട് സ്വദേശി മൊയ്തീന്‍ കുട്ടിയെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. 2018 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

69കാരനായ മൊയ്തീന്‍ കുട്ടിയുടെ കാഞ്ഞിരത്താണിയിലുള്ള കടയിലേക്കാണ് പെൺകുട്ടി മിഠായി വാങ്ങാനെത്തിയത്. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പിച്ചതിന് പിന്നാലെ പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ചാലിശ്ശേരി പൊലീസ് കേസെടുക്കുകയായിരുന്നു. 

പിഴ അടച്ചില്ലെങ്കില്‍ നാല് മാസം കൂടി കഠിനതടവ് അനുഭവിക്കണം. പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. ചാലിശ്ശേരി എസ്ഐമാരായിരുന്ന അനിൽ മാത്യു, അരുൺകുമാർ, ഷിബു എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്. കേസില്‍ പതിമൂന്ന് സാക്ഷികളെ വിസ്തരിച്ചു. പത്ത് രേഖകളും കോടതി പരിഗണിച്ചു. കേസിൽ പ്രോസിക്യൂഷനു വേണ്ടി നിഷ വിജയകുമാർ ഹാജരായി. മൊയ്തീന്‍കുട്ടിയെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 

Share this story