സന്നിധാനത്തുള്ള ഭക്തർ ആറുമണിക്ക് മുമ്പായി മലയിറങ്ങണം: ശബരിമലയിൽ നിയന്ത്രണം
Sabarimala temple

പമ്പ: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിൽ നിയന്ത്രണം കടുപ്പിച്ചു. മൂന്നുമണിക്ക് ശേഷം പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഭക്തരെ കയറ്റി വിടരുതെന്ന് നിർദേശമുണ്ട്. സന്നിധാനത്തുള്ള ഭക്തർ ആറുമണിക്ക് മുമ്പായി തിരിച്ചു മലയിറങ്ങണമെന്നും ഭക്തർ നിയന്ത്രണം കർശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം കർശന നിർദേശം നൽകി. നിറപുത്തരി പൂജയ്ക്കായി നട തുറന്നപ്പോഴുള്ള ഭക്തജനത്തിരക്ക് കണക്കിലെടുത്തും മഴ അതിശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യതക ശബരിമലയിൽ നിയന്ത്രണം കടുപ്പിച്ചത്.

നിറപുത്തരി പൂജയ്ക്കായി പുലർച്ചെ നാല് മണിക്കാണ് നട തുറന്നത്. 5:40 നും ആറിനും മധ്യയാണ് നിറപുത്തരി ചടങ്ങുകൾ നടന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആദ്യ നെൽക്കതിര് ശ്രീകോവിലിനു മുന്നിൽ തൂക്കി. മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ദർശനത്തിനെത്തിയ മുഴുവൻ ഭക്തർക്കും ശ്രീകോവിലിൽ പൂജിച്ച നെൽക്കതിരുകൾ നൽകി. ചെട്ടികുളങ്ങര, അച്ചൻകോവിൽ, കൊല്ലംകോട് എന്നിവിടങ്ങളിൽ നിന്നാണ് നിറപുത്തരിക്കായുള്ള നെൽക്കതിർ സന്നിധാനത്ത് എത്തിച്ചത്. ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ, സ്‌പെഷ്യൽ കമ്മീഷണർ എം മനോജ് തുടങ്ങിയവരും സന്നിധാനത്ത് ഉണ്ടായിരുന്നു.

അതേസമയം, ചോർച്ചാ പ്രശ്‌നം ഉണ്ടായതിനെത്തുടർന്ന് ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയിലെ സ്വർണ്ണപ്പാളികളുടെ മുഴുവൻ ആണികളും മാറ്റാൻ തീരുമാനമായി. ശ്രീകോവിലിന്റെ ചോർച്ചയ്ക്ക് കാരണം ആണികൾ ദ്രവിച്ചതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. ഈ മാസം 22 മുതൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും.ഇന്നലെയാണ് സന്നിധാനത്ത് ദേവസ്വം ബോർഡ് പരിശോധന നടത്തിയത്. ദേവസ്വം പ്രസിഡണ്ട് കെ അനന്തഗോപൻ, കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി, തിരുവാഭരണം കമ്മീഷണർ ജി ബൈജു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. മാന്നാറിൽ നിന്നുള്ള ക്ഷേത്രം പണി വിദഗ്ധൻ അനന്തൻ ആശാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിശദമായ പരിശോധന നടത്തിയത്. ശ്രീകോവിലിന്റെ തെക്ക് കിഴക്കൻ ഭാഗത്ത് നിന്നാണ് മുൻവശത്തെ ദ്വാരപാലക ശിൽപങ്ങളിലേക്ക് വെള്ളം വീണിരുന്നത്.

Share this story