കോഴിക്കോട് കടൽ കാണാനെത്തുന്ന യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപന : പ്രതി അറസ്റ്റിൽ
arrestedകോഴിക്കോട് : കടൽ കാണാനെത്തുന്ന യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപന നടത്തുന്ന സംഘത്തിലെയാൾ അറസ്റ്റിൽ. കോഴിക്കോട് കോളത്തറ കണ്ണാടിക്കുളം സ്വദേശി മജീദ് (ഇമ്പാല മജീദ്–55) ആണ് പിടിയിലായത്. കോഴിക്കോട് ബീച്ച് റോഡിൽ വച്ച് നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും ടൗൺ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവ് പ്രതിയിൽനിന്നും കണ്ടെടുത്തു. മാർച്ചിൽ കോഴിക്കോട് തളി ഭാഗത്തുനിന്ന് 300 ഗ്രാം കഞ്ചാവുമായി കസബ പൊലീസും ജൂലൈയിൽ 160 ഗ്രാം കഞ്ചാവുമായി ടൗൺ പൊലീസും മജീദിനെ പിടികൂടിയിരുന്നു. ഒരു കിലോഗ്രാമിനു താഴെയുള്ള അളവിൽ കഞ്ചാവുമായി വിൽപനയ്ക്കിറങ്ങുകയാണ് പതിവ്.

കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്.ശ്രീനിവാസിന്റെ നിർദേശപ്രകാരം ടൗൺ പൊലീസ് സബ് ഇൻസ്പെക്ടർ സുഭാഷ്, ഡൻസാഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. ഡൻസാഫ് അംഗങ്ങളായ കെ.അഖിലേഷ്, അർജുൻ അജിത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, ടൗൺ എസ്ഐ എ.മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജേഷ്, അഷ്റഫ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share this story