സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസ് : പ്രവീണ്‍ റാണയെ റിമാന്റ് ചെയ്തു

rana

തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ മുഖ്യപ്രതി പ്രവീണ്‍ റാണയെ റിമാന്റ് ചെയ്തു. ഈ മാസം 27 വരെയാണ് റിമാന്റ് കാലാവധി. കഴിഞ്ഞ ദിവസമായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് റാണയെ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. 

ഇയാളെ 14 ദിവസത്തേക്ക് റിമാന്റിലയക്കാന്‍ ജഡ്ജ് മിനിമോള്‍ ഉത്തരവിട്ടു. റാണയ്ക്ക് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ സ്വാധീനിക്കാനിടയാക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. സേഫ് ആന്‍ഡ് സ്‌ട്രോങ്  കേസില്‍ 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

സാക്ഷികളടക്കമുള്ളവരെ സ്വാധീനിക്കാന്‍ പ്രതിക്ക് സാധിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുനില്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിക്ക് വേണ്ടി അഡ്വ. രഘു ഹാജരായി. കനത്ത പോലീസ് വലയത്തിലാണ് റാണയെ ഈസ്റ്റ് സ്റ്റേഷനില്‍നിന്നും കോടതിയിലെത്തിച്ചത്. കോടതി വേഗംതന്നെ നടപടികളിലേക്ക് കടന്ന് റാണയെ റിമാന്റ്് ചെയ്ത് ഉത്തരവിട്ടു. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വന്‍ ജനക്കൂട്ടം കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. എന്നാല്‍ റാണ ഒന്നുംതന്നെ സംസാരിച്ചില്ല. പോലീസും സംസാരിക്കുന്നതിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

 റാണയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.വ്യാഴാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് അന്വേഷണം നടത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ പണം ധൂര്‍ത്തടിച്ച് കളഞ്ഞെന്നാണ് റാണയുടെ മൊഴി. വ്യവസായ പങ്കാളിക്ക് കൊടുത്ത 16 കോടി രൂപ മാത്രമാണ് സ്വന്തമായുള്ളതെന്നാണ് റാണയുടെ അവകാശവാദം. ബാക്കി തുക എവിടെയെന്നാണ് പോലീസിന്റെ  അന്വേഷണം. കൈയില്‍ പണമില്ലെന്ന റാണയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ബിനാമി പേരുകളില്‍ നടത്തിയ നിക്ഷേപങ്ങളെ കുറിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇയാളുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും പോലീസ് പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

Share this story