റോഡരികില്‍ രൂപംകൊണ്ട ഗര്‍ത്തം അടച്ചു : മൂവാറ്റുപുഴയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
Muvattupuzha

മൂവാറ്റുപുഴ : കനത്തമഴയെ തുടർന്ന് മൂവാറ്റുപുഴയില്‍ നഗരമധ്യേ റോഡരികില്‍ ഉണ്ടായ ഗര്‍ത്തം കോണ്‍ക്രീറ്റ് ചെയ്ത് അടച്ചു . മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് വാഹനഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. റോഡിന്റെ ഇടതുവശത്താണ് ഗര്‍ത്തം രൂപപ്പെട്ടത്.

ഈ ഭാഗത്തുകൂടി ഇപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. വരുംദിവസങ്ങളില്‍ മണ്ണിടിച്ചിലോ മറ്റോ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചതിന് ശേഷം മാത്രമേ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കു. ഗര്‍ത്തം രൂപപ്പെട്ടതിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

സംഭവത്തേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍ദേശം ഇന്ന് തന്നെ സമര്‍പ്പിക്കുമെന്ന് മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടന്‍ അറിയിച്ചു. ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. എം.സി. റോഡിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നായതിനാല്‍ മൂവാറ്റുപുഴ ഭാഗത്ത് കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് ഉണ്ടായത്.

അതിനാല്‍ പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കച്ചേരിത്താഴത്ത് പുതിയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വ്യാപാരസമുച്ചയത്തിന്റ മുന്നിലെ പാര്‍ക്കിങ് പ്രദേശത്താണ് വലിയ കുഴി രൂപപ്പെട്ടത്.

പാലത്തിനും റോഡിനും അടിയിലേക്ക് ഇറങ്ങിപ്പോകാവുന്ന വിധത്തിലുള്ള കുഴിക്ക് പത്തടിയോളം വിസ്തൃതിയാണുണ്ടായിരുന്നത്. ബുധനാഴ്ച രാവിലെ സ്ഥലത്തെ വ്യാപാരികളാണ് ഇത് കണ്ടത് . സംഭവം നടന്നപ്പോൾ വാഹനങ്ങളോ ആളുകളോ റോഡില്‍ ഇല്ലായിരുന്നത് വലിയ അപകടം ഒഴിവാക്കി .

Share this story