മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവോത്ഥാന സമിതി വീണ്ടും ചേർന്നു; സമിതിക്ക് പുതിയ കൺവീനർ

google news
CM

തിരുവനന്തപുരം: നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക്​ ഭരണഘടന തയാറാക്കുന്നു. സംഘടന രജിസ്റ്റർ ചെയ്ത്​ സമിതി ഔദ്യോഗികമായി പ്രവർത്തിക്കാനും തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ആദ്യമായി വിളിച്ചുചേർത്ത സമിതി സംസ്ഥാന നേതൃയോഗത്തിലാണ്​ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയൻ പ​ങ്കെടുത്ത യോഗം, സമിതിയിൽ അംഗമായ സഹസംഘടനകൾക്ക്​ കരട്​ ഭരണഘടന ചർച്ചക്കും അഭിപ്രായം അറിയാനുമായി വിതരണം ചെയ്തു. കേരളീയ മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കുകയാണ്​ സമിതി ഉദ്ദേശ്യലക്ഷ്യമായി കരട്​ ഭരണഘടനയിൽ പറയുന്നത്​.

സമൂഹത്തിൽ നിന്ന് അന്ധവിശ്വാസവും അനാചാരവും തുടച്ചുനീക്കുക, സ്​ത്രീ-പുരുഷ-ഭിന്നലിംഗ സമത്വം നടപ്പാക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളായി വിവരിക്കുന്നു. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ്​ 15 ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാനും തീരുമാനിച്ചു. ഭരണഘടന സംരക്ഷണ ദിനത്തിന്‍റെ സംസ്ഥാനതല പ്രചാരണ ഉദ്​ഘാടനം അ​ന്നേ ദിവസം അയ്യൻകാളി ഹാളിൽ മുഖ്യമ​ന്ത്രി നിർവഹിക്കും. തുടർന്ന്,​ ജില്ലതല സമിതി രൂപവത്​കരിച്ച്​ ഭരണഘടന സംരക്ഷണ ദിന പ്രചാരണങ്ങൾ സംഘടിപ്പിക്കും.

ഭരണഘടന സംരക്ഷണവും നിയമ സാക്ഷരതയും മുഖ്യലക്ഷ്യമായി സമിതി ഏറ്റെടുക്കണമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിൽ നിലനിൽക്കുന്ന പ്രതിലോമ കാര്യങ്ങളെ തുറന്നുകാട്ടണം. സാമൂഹിക നീതിയിലധിഷ്ഠിതമായ സുസ്ഥിര വികസനമാണ്​ സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമിതിയുടെ സംസ്ഥാന കൺവീനർ സ്ഥാനം പുന്നല ശ്രീകുമാർ ഒഴിഞ്ഞതിനെ തുടർന്ന്​ പി​. രാമഭ​ദ്രനെ കൺവീനറായി തെരഞ്ഞെടുത്തു. സമിതി ജനറൽ സെ​ക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ​ങ്കെടുത്തു. കഴിഞ്ഞ സർക്കാറിന്‍റെ അവസാനകാലത്ത്​ പൊതുതെരഞ്ഞെടുപ്പ്​ വന്നതോടെ സമിതി പ്രവർത്തനം മന്ദീഭവിച്ചിരുന്നു.

Tags