നവോത്ഥാന സമിതിയുമായി വീണ്ടും സർക്കാർ : യോഗം ഇന്ന് തിരുവനന്തപുരത്ത്
cm

തിരുവനന്തപുരം: നവോത്ഥാന സംരക്ഷണ സമിതി സർക്കാർ പുനസംഘടിപ്പിക്കുന്നു. ബൈലോ തയ്യാറാക്കി സ്ഥിരം സംവിധാനം ഒരുക്കാനാണ് സർക്കാർ തീരുമാനം. വലിയ ഇടവേളക്ക് ശേഷം നവോത്ഥാന സംരക്ഷണ സമിതിയുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

സംഘപരിവാറിന്റെ നേതൃത്വത്തിൽ പല തരത്തിലുള്ള വർഗ്ഗീയ ധ്രുവികരണത്തിന് സംസ്ഥാനത്ത് ശ്രമം നടക്കുന്നത് തടയാൻ കൂടിയാണ് സമിതിയെ പുനസംഘടിപ്പിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട ചിലർ വ്യക്തമാക്കുന്നത്. രാവിലെ 11 മണിക്ക് തിരുവനന്തപുത്ത് നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയും സമിതിയുടെ മറ്റ് നേതാക്കളും പങ്കെടുക്കും. തുടർ പരിപാടികൾ യോഗത്തിൽ തീരുമാനിക്കും.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘ പരിവാർ വലിയ പ്രതിഷേധങ്ങളും പ്രചരണങ്ങളും നടത്തിയതിന് പിന്നാലെയാണ് നവോത്ഥാന സംരക്ഷണ സമിതി സർക്കാർ മുൻകൈ എടുത്ത് രൂപീകരിച്ചത്. തൊട്ട് പിന്നാലെ ലക്ഷക്കണക്കിന് സ്ത്രീകളെ പങ്കാളികളാക്കി വനിത മതിൽ കേരളത്തിൽ ഉടനീളം തീർത്തു. എന്നാൽ അതിന് ശേഷം സംഘടനയുടെ പ്രവർത്തനം മൂന്ന് നാല് യോഗങ്ങളിൽ ഒതുങ്ങി. പിന്നാലെ തെരഞ്ഞടുപ്പ് വരികയും പിണറായി വിജയൻ രണ്ടാമതും അധികാരത്തിൽ എത്തുകയും ചെയ്തു. അധികാരമേറ്റ് ഒരു വർഷം അനക്കമില്ലാതിരുന്ന നവോത്ഥാന സംരക്ഷണ സമിതിയെ പുനസംഘടിപ്പിക്കാനാണ് സർക്കാർ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം. സംഘടനക്ക് ബൈലോ അടക്കം രൂപികരിച്ച് സ്ഥിരം സംവിധാനമാക്കി മാറ്റും.

Share this story