നിശബ്ദ വായനയേക്കാൾ ഹൃദ്യം ഉച്ചത്തിലുള്ള വായന : മന്ത്രി എ.കെ ശശീന്ദ്രൻ

google news
tdcvb

കോഴിക്കോട് : നിശബ്ദ വായനയേക്കാൾ ഹൃദ്യമായത് ഉച്ചത്തിലുള്ള വായനയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവത്തിന്റെയും മുതിർന്നവർക്കുവേണ്ടി നടത്തുന്ന വായനാ മത്സരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചത്തിലുള്ള വായനയിലൂടെ ആസ്വാദന ലഭ്യതയും വായിക്കുന്നവ പെട്ടെന്ന് ഗ്രഹിക്കാനുള്ള സാധ്യതയും വർധിക്കും. വായനയിലൂടെ മാത്രമേ അറിവിന്റെ അമൂല്യ ശേഖരം സ്വായത്തമാക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിലാണ് സംസ്ഥാനതല മത്സരങ്ങൾ നടക്കുന്നത്. ഹൈസ്കൂൾ, താലൂക്ക്, ജില്ല, സംസ്ഥാനം എന്നീ നാല് തലങ്ങളിലായാണ് അഖില കേരള വായന മത്സരം സംഘടിപ്പിക്കുന്നത്. ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ,16 വയസു മുതൽ 25 വയസുവരെയുള്ളവർ, 25 വയസിനു മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ നിന്നായി 42 പേരാണ് സംസ്ഥാനതല വായനാ മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപ് നയിക്കുന്ന മെഗാ ക്വിസ് പരിപാടിയുടെ ഭാ​ഗമായി നടന്നു.

രാവിലെ സാഹിത്യകാരന്മാരായ സുഭാഷ് ചന്ദ്രൻ, പി കെ ഗോപി, ബി എം സുഹറ എന്നിവരുമായി മത്സരാർത്ഥികളുടെ സർഗ്ഗസംവാദം നടക്കും. എഴുത്തുപരീക്ഷ, അഭിമുഖ പരീക്ഷ എന്നിവ അനുബന്ധമായി നടക്കുന്നുണ്ട്. നാളെ നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ തുടങ്ങിയവര്‍ സംബന്ധിക്കും.

ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ചന്ദ്രൻ മാസ്റ്റർ, എം കെ രമേഷ് കുമാർ, എസ് നാസർ തുടങ്ങിയ സംസാരിച്ചു. സ്റ്റേറ്റ് സെക്രട്ടറി വി.കെ മധു സ്വാ​ഗതവും കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ നന്ദിയും പറഞ്ഞു.

Tags