ലഹരി മരുന്നു നല്‍കി 17കാരിയെ വിവിധയിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു; 8 പ്രതികള്‍ പിടിയില്‍

rape

പതിനേഴുകാരിയെ ലഹരിമരുന്നു നല്‍കി സംസ്ഥാനത്തെ വിവിധ ജില്ലകളിലെത്തിച്ച് തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ കേസിലെ 8 പ്രതികള്‍ പിടിയില്‍. കൊച്ചിയില്‍ നിന്നാണ് പ്രതികലെ പിടികൂടിയത്. വീ സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത 4 കേസുകളിലെ 5 പ്രതികളില്‍ 4 പേരെയും പാലാരിവട്ടം സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത 4 കേസുകളിലെ 4 പ്രതികളെയുമാണ് അറസ്റ്റ് ചെയ്തത്. കേസില്‍ മൊത്തം 21 പ്രതികളാണുള്ളത്. ഇതില്‍ 14 പേരുടെ മേല്‍ പീഡനക്കുറ്റവും മറ്റുള്ളവരില്‍ പ്രേരണക്കുറ്റവുമാണു ചാര്‍ത്തിയിട്ടുള്ളത്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പാലപ്പുറം സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണു പീഡന വിവരം കണ്ടെത്തിയത്. തുടര്‍ന്ന് 14 പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ തയാറാക്കി പീഡനം നടന്ന ജില്ലകളിലെ ബന്ധപ്പെട്ട സ്റ്റേഷനുകള്‍ക്കു കേസ് അന്വേഷണം കൈമാറുകയായിരുന്നു.

മട്ടാഞ്ചേരി ചക്കാമാടം ജോഷി തോമസ് (40), ആലുവ ചൂര്‍ണിക്കര കരിപ്പായില്‍ വീട്ടില്‍ കെ.ബി. സലാം (49), തൃശൂര്‍ കൃഷ്ണപുരം കാക്കശേരി വീട്ടില്‍ അജിത്ത്കുമാര്‍ (24), പത്തനംതിട്ട പന്തളം കുരമ്പാല ഓലക്കാവില്‍ വീട്ടില്‍ മനോജ് സോമന്‍ (34), ഉദയംപേരൂര്‍ മാക്കാലിക്കടവ് പൂന്തുറ ചിറയില്‍ ഗിരിജ (52), പുത്തന്‍കുരിശ് കാഞ്ഞിരക്കാട്ടില്‍ അച്ചു (26), വൈറ്റില പൊന്നുരുന്നി പുറക്കാട്ട് വീട്ടില്‍ നിഖില്‍ ആന്റണി (37), കോട്ടയം കാണക്കാരി മുതിരക്കാല കൊച്ചുപറമ്പില്‍ ബിജിന്‍ മാത്യു (22) എന്നിവരാണ് സെന്‍ട്രല്‍, പാലാരിവട്ടം സ്റ്റേഷനുകളിലായി അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയായ ഡൊണാള്‍ഡ് വില്‍സന്‍ എന്നയാള്‍ സമാനമായ മറ്റൊരു കേസില്‍ കൊല്ലം പാരിപ്പള്ളി പൊലീസിന്റെ പിടിയിലായിരുന്നു. നിലവില്‍ റിമാന്‍ഡിലുള്ള ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നു സെന്‍ട്രല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.വിജയശങ്കര്‍ പറഞ്ഞു.

വീടു വിട്ടിറങ്ങിയ കുട്ടിയെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് പരിചയപ്പെട്ട ഡൊണാള്‍ഡ് വിവേകാനന്ദ റോഡിലുള്ള ജെജെ റസിഡന്‍സി ഹോട്ടലില്‍ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്നു ഹോട്ടലുടമ ജോഷി, മാനേജര്‍ അജിത് കുമാര്‍ എന്നിവരെ വിളിച്ചു വരുത്തി. കുട്ടിയെ ഇവരും പീഡനത്തിനിരയാക്കി. വീണ്ടും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയ കുട്ടിയെ മനോജ് ജോലി വാഗ്ദാനം ചെയ്തു ചിറ്റൂര്‍ റോഡിലെ ലോഡ്ജിലെത്തിച്ചു. ഈ ലോഡ്ജിന്റെ ഉടമ കെ.ബി. സലാമും മനോജും കുട്ടിയെ പീഡിപ്പിച്ചു. പിന്നീടു പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുള്ള ഗിരിജയ്ക്കു കൈമാറുകയായിരുന്നു. മറ്റുള്ള പ്രതികള്‍ക്കു പെണ്‍കുട്ടിയെ കാഴ്ചവച്ചതു ഗിരിജയാണെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ ജൂണ്‍ 21 മുതല്‍ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിലാണു പീഡനപരമ്പര അരങ്ങേറിയത്.

വീടു വിട്ടിറങ്ങിയ ഒറ്റപ്പാലം പാലപ്പുറം സ്വദേശിനിയായ പതിനേഴുകാരി എറണാകുളത്തിനു പുറമേ കൊല്ലം, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലെത്തിയിരുന്നു. ഇവിടെയെല്ലാം പീഡനത്തിനിരയാവുകയും ചെയ്തു.

രാസലഹരിയുള്‍പ്പെടെ നല്‍കിയാണു കുട്ടിയെ പീഡിപ്പിച്ചതെന്നാണ് എഫ്‌ഐആറിലുള്ളത്. ഒടുവില്‍ തിരുവനന്തപുരം ലുലു മാളിനു സമീപത്തു നിന്നാണു കുട്ടിയെ പൊലീസ് കണ്ടെത്തിയത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ഭയ ഹോമിലേക്കു മാറ്റിയ കുട്ടി ഒരു മാസത്തിനു ശേഷമാണു പീഡന വിവരം തുറന്നു പറഞ്ഞത്.

Share this story