ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ വിവാദത്തിലായ കെ സുധാകരന് രമേശ് ചെന്നിത്തലയുടെ പിന്തുണ

chennithala and sudakaran

തിരുവനന്തപുരം : ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ വിവാദത്തിലായ കെപിസിസി അധ്യക്ഷൻ കെ സുധാകരന് രമേശ് ചെന്നിത്തലയുടെ പിന്തുണ. കറ കളഞ്ഞ മതേതരവാദിയാണ് സുധാകരനെന്നും ഇക്കാര്യത്തിൽ ബിജെപിയുടെയോ സിപിഎമ്മിന്റെയോ സർട്ടിഫിക്കറ്റ് സുധാകരന് വേണ്ടെന്നും ചെന്നിത്തല തുറന്നടിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. 

'കോൺഗ്രസിന്റെ അടിസ്ഥാന നയം മതേതരത്വമാണ്. അതിൽ നിന്നും സുധാകരൻ വ്യതിചലിച്ചിട്ടില്ല. കറ തീർന്ന മതേതരവാദിയായാണ് സുധാകരൻ ഇതുവരെയും കോൺഗ്രസിൽ പ്രവർത്തിച്ചതും നിലപാടുകൾ സ്വീകരിച്ചതും. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഒരു വാചകത്തിലുണ്ടായ നാക്കുപിഴയാണിവിടെ വിവാദമായത്. പിഴവുണ്ടായെന്ന കാര്യം ഏറ്റുപറയുമ്പോൾ പിന്നെ വിവാദം ആവശ്യമില്ല. മാധ്യമങ്ങൾ കുത്തി ചോദിക്കുമ്പോൾ അദ്ദേഹം ക്ഷുഭിതനായി കാണാം. പ്രസ്താവനയിൽ ചില ആശങ്കകളുണ്ട്. അക്കാര്യം സംസാരിക്കുന്നുണ്ട്. വിഷയത്തിൽ മുസ്ലിം ലീഗിന്റെ ആശങ്കയിൽ തെറ്റുപറയാനാകില്ല. ഇക്കാര്യം ചർച്ച ചെയ്യും. താനും പ്രതിപക്ഷ നേതാവും പറയുന്നത് ഒരേ കാര്യമാണെന്നും ചെന്നിത്തല വിശദീകരിച്ചു. 

സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. ഇക്കാര്യം സുധാകരൻ തന്നെ നിഷേധിക്കും. സുധാകരനുമായി താൻ സംസാരിച്ചിരുന്നുവെന്നും ചെന്നിത്തല അറിയിച്ചു. 

Share this story