ഗവർണറുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
ramesh chennithala

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല എംഎൽഎ. കണ്ണൂർ വിസിയുടെ നിയമനത്തിൽ മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന ഗവർണറുടെ ആരോപണം രമേശ് ചെന്നിത്തലയും ആവർത്തിച്ചു. 

'നിയമനങ്ങളിലടക്കമുളള മുഖ്യമന്ത്രിയുടെ ഇടപെടൽ ഞെട്ടിക്കുന്നതാണ്. ഗവർണറുമായി ചേർന്ന് മുഖ്യമന്ത്രി രണ്ട് വർഷം നടത്തിയത് നിയമ വിരുദ്ധ പ്രവർത്തനങ്ങളാണെന്ന് ഇതോടെ വ്യക്തമായി. ഇന്ന് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്'. കള്ളക്കളികൾ ഇനിയും പുറത്ത് വരാനുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് പാസാക്കിയ രണ്ട് ബില്ലുകളിലും ഒപ്പിടില്ലെന്ന് ഗവർണർ പറഞ്ഞതിനെ പിന്തുണച്ച ചെന്നിത്തല, കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള ഗവർണറുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആർ എസ് എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത് പ്രോട്ടോക്കോൾ ലംഘനമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

Share this story