മഴ തുടരുന്നു : ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

google news
heavy rain

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് പ്രവചനം. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍,എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൂടാതെ തിരുവല്ല, കോതമംഗലം, മൂവാറ്റുപുഴ, ചാലക്കുടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.എംജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.

ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ മേഖലകളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്‌നാട് ആളിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. ചിറ്റൂർപ്പുഴയുടെ വശങ്ങളിൽ താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

കൂടാതെ തൃശൂർ ചാവക്കാട് കാണാതായ മത്സ്യ തൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കഴിഞ്ഞ ദിവസം നാവികസേനയുടെ ഹെലികോപ്റ്റർ ഇവരെ കണ്ടെത്തിയെങ്കിലും കരയ്ക്ക് എത്തിക്കാനായിരുന്നില്ല. കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പല്‍ തെരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ ഗില്‍ബര്‍ട്ട്, മണിയന്‍ എന്നിവരെയാണ് കണ്ടെത്താനുള്ളത്.

അതേസമയം മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 19 പേരാണ് മരിച്ചത്. 178 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. 5168 പേരെയണ് ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ജൂലൈ 31 മുതൽ ഇന്ന് വരെയുള്ള കണക്ക് പ്രകാരം 1695 ഹെക്ടർ കൃഷി നാശം ഉണ്ടായെന്നാണ് പ്രാഥമികനിഗമനം. 53 കോടി 48 ലക്ഷം രൂപയുടെ കൃഷി നശിച്ചു. ഏറ്റവും കൂടുതൽ കൃഷിനാശം പാലക്കാട് ജില്ലയിലാണ്. 

Tags