ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ ഒരു കാലത്തും ആര്‍എസ്എസിനെ ആരും ക്ഷണിച്ചിട്ടില്ല'; ഗവര്‍ണര്‍ പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് കെ സുധാകരന്‍
k sudhakaran

റിപ്പബ്ലിക് ദിന പരേഡുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മ?ദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസിനെ ക്ഷണിച്ചുവെന്ന ഗവര്‍ണറുടെ വാദം തെറ്റാണ്. ഇത് ഗുരുതരമായ ചരിത്ര വിരുദ്ധ പരാമര്‍ശമാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഇന്ത്യന്‍ ചരിത്രത്തില്‍ അങ്ങനെയൊരു സംഭവം ഇല്ലെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ തന്നെ വിവരാവകാശ നിയമപ്രകാരം വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ സുധാകരന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

സംഘപരിവാറിന്റെ നുണബോംബ് ഫാക്ടറികള്‍ പടച്ചുണ്ടാക്കുന്ന കഥകള്‍ പ്രചരിപ്പിക്കുന്നത് ഗവര്‍ണര്‍ പദവിക്ക് ഭൂഷണമല്ല. ഉയര്‍ന്ന പദവിയിലിരുന്ന് വസ്തുതാ വിരുദ്ധത പ്രചരിപ്പിച്ച ഗവര്‍ണര്‍ ആ പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുളള പോര് രൂക്ഷമായിരിക്കെയാണ് കെ സുധാകരന്റെ വിമര്‍ശനം.

Share this story