പ്രിയ വർഗീസിന് തിരിച്ചടി : മതിയായ അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി

google news
priya vargees

കൊച്ചി : കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. അസോസിയേറ്റ് പ്രൊഫസറാകാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. പ്രിയ വർഗീസിന് അധ്യാപന പരിചയം ഉണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്ന് കോടതി. യുജിസിയുടെ നിബന്ധനകൾക്കപ്പുറം പോകാൻ കോടതിക്ക് കഴിയില്ല. ഈ അഭിമുഖത്തിൽ  ഏറ്റവും പ്രധാനം യുജിസിയുടെ ചട്ടങ്ങളാണ്. ഏത് സാഹചര്യത്തിലും അത് മറികടക്കാൻ കഴിയില്ലെന്നും കോടതി വിധിയിലുണ്ട്. ഈ സാഹചര്യത്തിൽ അസോ.പ്രൊഫസർ പദവിക്ക് അപേക്ഷിക്കാൻ പ്രിയ വർഗ്ഗീസ് അയോഗ്യയാണ് എന്നാണ്  കോടതിയുടെ കണ്ടെത്തൽ. 

അധ്യാപകർ രാഷ്ട്ര നിർമ്മാതാക്കളാണെന്നും സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണമെന്നും ഹൈക്കോടതി നിരീക്ഷണമുണ്ട്. ഉദ്യോഗാർത്ഥികളുടെ സൂക്ഷ്മ പരിശോധന സത്യസന്ധമായാണ് നടത്തിയതെന്നും വിദഗ്ധർ അടങ്ങിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പിൽ കോടതിക്ക് ഇടപെടാൻ ആകില്ലെന്നും കണ്ണൂർ യൂണിവേഴ്സിറ്റി പറഞ്ഞതായി കോടതി വിധിയിൽ പറയുന്നുണ്ട്. പ്രിയ വർഗീസിന്റ വാദങ്ങളെ സാധൂകരിക്കാനുള്ള കാര്യങ്ങൾ കോടതിക്ക് മുന്നിൽ ഇല്ല, സ്റ്റുഡന്റ് സർവീസ് ഡയറക്ടറുടെ ഉത്തരവാദിത്തങ്ങൾ ഒരിക്കലും അധ്യാപന പരിചയം അല്ല,NSS കോ ഓർഡിനേറ്റർ ആയിരുന്നപ്പോൾ പ്രിയ വർഗീസിന് അധ്യാപക ചുമതല ഉണ്ടായിരുന്നില്ലെന്നും കോടതി പറയുന്നു. 

കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് സർവ്വകലാശാല നിശ്ചയിച്ച വിദഗ്ദ്ധ സമിതി ഓൺലൈനായി അഭിമുഖം നടത്തിയത്. എന്നാൽ അഭിമുഖം കഴിഞ്ഞ് ഏഴ് മാസത്തോളം സർവ്വകലാശാല റാങ്ക് പട്ടിക പുറത്ത് വിട്ടിരുന്നില്ല .

Tags