പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ; ഏറ്റവും കൂടുതല്‍ നാശനഷ്ടം കെഎസ്ആര്‍ടിസിക്ക്
ksrtc

ഹര്‍ത്താലില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം കെഎസ്ആര്‍ടിസിക്ക്. സംസ്ഥാനത്താകെ 70 ബസുകള്‍ക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആര്‍ടിസി അറിയിച്ചു. നിരവധി ജീവനക്കാര്‍ക്ക് പരുക്കേറ്റു. ഹെല്‍മറ്റ് വച്ച് വരെ ഡ്രൈവര്‍മാര്‍ ബസ് ഓടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഭരണസംവിധാനത്തില്‍ ഭയമില്ലാത്തതു കൊണ്ടാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കെതിരായ അക്രമം നടക്കുന്നതെന്നാണ് ഹൈക്കോടതിയുടെ കുറ്റപ്പെടുത്തല്‍.
എത്ര പ്രതിഷേധം ഉണ്ടായാലും ബസ് ഇറക്കാനായാരുന്നു മാനേജ്‌മെന്റ് തീരുമാനം. പക്ഷെ നിരത്തിലിറങ്ങിയ ബസുകള്‍ക്ക് നേരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആക്രമണമുണ്ടായി. കോന്നി കുളത്തിങ്കലില്‍ തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറിനുള്ള കല്ലേറില്‍ ഡ്രൈവര്‍ക്കു പരുക്കേറ്റു. ആലപ്പുഴ വളഞ്ഞവഴിയില്‍ ഹരിപ്പാട് നിന്നുള്ള രണ്ടു ബസുകള്‍ക്കു നേരേ കല്ലേറ് ഉണ്ടായി. പന്തളത്തെ ആക്രമണത്തിലാണ് ഡ്രൈവറുടെ കണ്ണിന് ഗുരുതര പരുക്കേറ്റത്.
തിരുവനന്തപുരം അട്ടക്കുളങ്ങര, കാട്ടാക്കട, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലും ആക്രമണം ഉണ്ടായി. കൊല്ലം തട്ടാമല, അയത്തില്‍, കോട്ടയം കുറിച്ചി, മന്ദിരം കവല, കലായിപ്പടി, അയ്മനം, എറണാകുളം ജില്ലയിലെ പകലോമറ്റം, കൂത്താട്ടുകുളം എന്നിവിടങ്ങളിലും ബസുകള്‍ കല്ലേറില്‍ തകര്‍ന്നു.

തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരി, പെരുമ്പിലാവ്, മുള്ളൂര്‍ക്കര, ചാവക്കാട് എടക്കഴിയൂര്‍, നാട്ടിക പുത്തന്‍തോട് എന്നിവിടങ്ങളിലായിരുന്നു ബസുകള്‍ ആക്രമിക്കപ്പെട്ടത്. വയനാട് പനമരത്തും ബസ് ആക്രമിക്കപ്പെട്ടു. കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപമുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ ശശിയുടെ കണ്ണിനു പരുക്കേറ്റു. മലപ്പുറം പെരിന്തല്‍മണ്ണ, പൊന്നാനി, കണ്ണൂര്‍ ഉളിയില്‍, വളപട്ടണം എന്നിവിടങ്ങളിലും ആക്രമണം ഉണ്ടായി. 

Share this story