പൊലീസ് ചമഞ്ഞ് തട്ടിപ്പ് ; 44 കാരന്‍ പിടിയില്‍
arrest

പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പൊലീസ് പിടിയില്‍. വേങ്ങര ഇരിങ്ങല്ലൂര്‍ വലിയോറ പറങ്ങോടത്ത് സൈതലവി (44) ആണ് പൊലീസിന്റെ പിടിയിലായത്.ആതവനാട് സ്വദേശിയായ യുവതിയെ മൂന്നുമാസം മുമ്പ് ക്രൈംബ്രാഞ്ച് എസ്.ഐ എന്ന് പരിചയപ്പെടുത്തി വിവാഹം കഴിച്ചശേഷം ഇയാള്‍ ഒരുമാസത്തിലധികമായി ചെമ്പിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരുകയായിരുന്നു.
തട്ടിപ്പിനെക്കുറിച്ച് സൂചന ലഭിച്ച കുറ്റിപ്പുറം പൊലീസ് കഴിഞ്ഞദിവസം വൈകീട്ട് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയാണ് പരിശോധന നടത്തിയത്. പൊലീസ് എത്തിയപ്പോള്‍ പ്രതി എസ്.ഐയുടെ യൂണിഫോമാണ് ധരിച്ചിരുന്നത്. ചെന്നൈ പൊലീസില്‍ ആണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് സി.ഐ ഉള്‍പ്പെടെ എത്തി ചോദ്യം ചെയ്ത് നടത്തിയ പരിശോധനയിലാണ് നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന് മനസ്സിലായത്. ഇയാളില്‍ നിന്ന് നിരവധി എം.ടി.എം, സിം കാര്‍ഡുകള്‍ കണ്ടെടുത്തു.
അറസ്റ്റിലായ സമയത്ത് ഇയാള്‍ തെറ്റായ വിലാസമാണ് നല്‍കിയത്. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തില്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ 2017ല്‍ നടന്ന ബലാത്സംഗ കേസിലും തട്ടിപ്പ് കേസിലും ഇയാള്‍ക്കെതിരെ വാറണ്ട് നിലവിലുണ്ടെന്ന് കണ്ടെത്തി. കൊണ്ടോട്ടി പൊലീസെത്തി ഇയാളെ കൊണ്ടുപോയി. സമാനമായ മറ്റൊരു കേസ് നിലമ്പൂര്‍ സ്റ്റേഷനിലും ഉണ്ട്.മറ്റു സ്റ്റേഷനുകളിലുള്ള കേസുകളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

Share this story